അമ്മയുടെ മണ്ഡലത്തിൽ ചിന്നമ്മക്ക് വോട്ട് ചെയ്യില്ലെന്ന് പ്രവർത്തകർ
text_fieldsചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ ശശികല നടരാജന്‍ മത്സരിക്കരുതെന്ന് പാർട്ടി പ്രവർത്തകർ. കഴിഞ്ഞ ദിവസം ജയലളിതയുടെ മുപ്പതാം ചരമദിനത്തില്‍ അവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് നടന്ന റാലിയില്‍ പി. വെട്രിവേല്‍ എം.എല്‍.എ ശശികലക്ക് വേണ്ടി നടത്തിയ അഭ്യര്‍ത്ഥന വന്‍ പ്രതിഷേധത്തിനിടയാക്കി.
ഞങ്ങൾ ജയലളിക്ക് വേണ്ടി മാത്രമാണു വോട്ടു ചെയ്യാനെത്തുന്നത്. ചിന്നമ്മ ശശികലയോടു പറഞ്ഞേക്കൂ ഞങ്ങൾ വോട്ടു ചെയ്യുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിക്കരുതെന്ന് മണ്ഡലത്തിലെ മുതിർന്നവരിൽ ഒരാളായ പി.കുപ്പു പറഞ്ഞു. 77 ദിവസം ജയലളിത ആശുപത്രിയിലായിരുന്നു. ഒരിക്കലെങ്കിലും അവർ ഞങ്ങൾക്ക് അമ്മയെ കാണിച്ചുതന്നോയെന്നും പ്രവർത്തകർ ചോദിക്കുന്നു. അതിനിടെ, ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ ആർകെ നഗറിൽനിന്നു മൽസരിക്കണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിച്ചു. ജയലളിതയുടെ യഥാർഥ പിൻഗാമി അവരാണെന്നും പ്രവർത്തകർ പറയുന്നു.
അതേസമയം, പ്രതിഷേധം പ്രതിപക്ഷം കെട്ടിച്ചമച്ചതാണെന്ന് വെട്രിവേല്‍ പറഞ്ഞു. ഡി.എം.കെയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വെട്രിവേലിന്‍റെ ആരോപണങ്ങള്‍ ഡി.എം.കെ തള്ളിക്കളഞ്ഞു. പ്രവർത്തകർക്കിടയില്‍നിന്നുതന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ശശികല മധുരയിൽനിന്നു മൽസരിച്ചേക്കുമെന്നാണു വിവരം. നേരത്തെ ചെന്നൈ ടി നഗറിലെ വസതിയിലെത്തിയ ദീപ ജയകുമാറിനോട് തങ്ങളെ നയിക്കണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.