ജയലളിതയുടെ മരണം: ശശികലക്കെതിരെ അന്വേഷണം നടത്താൻ കമീഷൻ ശിപാർശ
text_fieldsചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ആറുമുഖസാമി കമീഷൻ ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താൻ ശിപാർശചെയ്തതായി റിപ്പോർട്ട്.
ഇത് അണ്ണാ ഡി.എം.കെയിലെ ഒ. പന്നീർശെൽവം വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. എടപ്പാടി പളനിസാമിക്കെതിരെ ശശികല, ടി.ടി.വി. ദിനകരൻ എന്നിവരോടൊപ്പം ചേർന്ന് ഒ.പി.എസ് പടയൊരുക്കം നടത്താനൊരുങ്ങവെയാണിത്. ജയലളിതയുടെ സഹായിയും വിശ്വസ്തയുമായിരുന്ന ശശികല, ആരോഗ്യമന്ത്രിയായിരുന്ന ഡോ. സി. വിജയഭാസ്കർ, ചീഫ് സെക്രട്ടറി രാമമോഹൻ റാവു, ഡോ. ശിവകുമാർ എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരിക്കുന്നത്.
വിഷയം നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തുടർനടപടി കൈക്കൊള്ളാനും പിന്നീട് റിപ്പോർട്ട് തമിഴ്നാട് നിയമസഭയുടെ മേശപ്പുറത്ത് വെക്കാനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഡി.എം.കെ അധികാരത്തിൽവന്നാൽ ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് 2021ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സ്റ്റാലിൻ പറഞ്ഞിരുന്നു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഒരുവർഷത്തിനുശേഷം അന്നത്തെ അണ്ണാ ഡി.എം.കെ സർക്കാറാണ് ജസ്റ്റിസ് ആറുമുഖസാമി കമീഷനെ നിയമിച്ച് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.