ജയലളിതയുടെ മരണം: ഡോക്ടർമാർക്കും ശശികലക്കുമെതിരെ പരാമർശവുമായി അന്വേഷണ കമീഷൻ റിപ്പോർട്ട്
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തെ കുറിച്ച് മുൻ ജഡ്ജി തയാറാക്കിയ റിപ്പോർട്ടിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥനും ജയലളിതയുടെ ഏറ്റവും അടുത്ത അനുയായി വി.കെ ശശികലക്കും എതിരെ പരാമർശം. മരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വളരെ നീണ്ട റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.
മുൻ മദ്രാസ് ഹെകോടതി ജഡ്ജി എ. അറമുഖസ്വാമി തലവനായ അന്വേഷണ കമീഷനെ എ.ഐ.എ.ഡി.എം.കെ അധികാരത്തിലുള്ളപ്പോൾ 2017 ലാണ് നിയോഗിച്ചത്. ഗൂഢാലോചന സിദ്ധാന്തങ്ങളും ജയലളിതയുടെ അസുഖവും അപ്പോളോ ആശുപത്രിയിലെ ചികിൽസയും സംബന്ധിച്ച പരസ്പരവിരുദ്ധമായ വിവരങ്ങൾ, നിയമപരമായ അവകാശ വാദങ്ങൾ എന്നിവ പരിശോധിക്കാനായിരുന്നു കമീഷനെ നിയോഗിച്ചത്.
2021ൽ ഡി.എം.കെ അധികാരത്തിലേറിയപ്പോൾ, ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കൃത്യമായി പരിശോധിക്കുമെന്ന് ആവർത്തിച്ചിരുന്നു. ആഗസ്റ്റിലാണ് അറമുഖ സ്വാമി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് സർക്കാർ ഇന്ന് നിയമസഭയിൽ വെച്ചു. ജയലളിതയുടെ മരണ സമയത്ത് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റാവു കുറ്റകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. അന്നത്തെ ആരോഗ്യമന്ത്രി വിജയ ഭാസ്‌കറിനെതിരെയും റിപ്പോർട്ടിൽ ശക്തമായ പരാമർശങ്ങളുണ്ട്. അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി ജയലളിതയുടെ ആരോഗ്യ നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തമിഴ്‌നാട്ടിലെ ഏറ്റവും ശക്തയായ രാഷ്ട്രീയക്കാരിലൊരാളായിരുന്നു ജയലളിത. നാല് തവണ മുഖ്യമന്ത്രിയായി. മുൻ അഭിനേത്രിയായ അവർ എ.ഐ.എ.ഡി.എം.കെ പ്രവർത്തകർക്ക് തമിഴകത്തിന്റെ 'അമ്മ' എന്ന നിലയിൽ പ്രിയപ്പെട്ടവളായിരുന്നു. എന്നാൽ അവസാന സമയത്ത് നിരവധി അഴിമതി ആരോപണങ്ങളാണ് ജയലളിതക്കെതിരെ ഉയർന്നത്.
പതിറ്റാണ്ടുകളായി ജയലളിതക്കൊപ്പം താമസിക്കുകയായിരുന്ന വി.കെ. ശശികല അവരുടെ അടുത്ത അനുയായിയായാണ് അറിയപ്പെട്ടിരുന്നത്. ജയലളിത മുഖ്യപ്രതിയായിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റിലായിരുന്നു.
നാല് വർഷത്തിന് ശേഷം ജയിൽ മോചിതയായ ശശികല എ.ഐ.എ.ഡി.എം.കെയുടെ ചുമതല ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീർശെൽവം, ജയലളിതയുടെ അനന്തരവൾ ദീപ, ജയലളിതയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച അനന്തരവൻ ദീപക്, രേഖാമൂലം മൊഴി നൽകിയ ശശികല എന്നിവർ സമിതിക്കു മുമ്പാകെ മൊഴി നൽകിയവരിൽ ഉൾപ്പെടുന്നു. ചികിത്സയെക്കുറിച്ച് അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ ഡൽഹി എയിംസിലെ വിദഗ്ധരുമായി വിഡിയോ കോൺഫറൻസിലൂടെ വിശദീകരിക്കുകയും ചെയ്തു. വിഷയം പുനഃപരിശോധിക്കാൻ സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.