അകത്ത് കലഹം, പുറത്ത് ചോർച്ച; പ്രതിസന്ധിക്കയത്തിൽ ജെ.ഡി-എസ്
text_fieldsബംഗളൂരു: ഒരു വശത്ത് സീറ്റിനെ ചൊല്ലി തർക്കംതീരാതെ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ കുടുംബം. മറുവശത്ത് സിറ്റിങ് എം.എൽ.എമാരുടെയും എം.എൽ.സിമാരുടെയും കൊഴിഞ്ഞുപോക്ക്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ പ്രതിസന്ധിക്കയത്തിലാണ് മുഖ്യ പ്രാദേശിക പാർട്ടിയായ ജെ.ഡി-എസ്. ദേവഗൗഡയുടെ മൂത്തമകൻ എച്ച്.ഡി. രേവണ്ണയുടെ കുടുംബമാണ് സീറ്റിനെ ചൊല്ലി പാർട്ടിക്ക് പരസ്യവെല്ലുവിളിയുമായി രംഗത്തുള്ളത്. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണക്ക് ഹാസൻ സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം. ഇതംഗീകരിക്കില്ലെന്ന് പാർട്ടി നിയമസഭ കക്ഷി നേതാവും ദേവഗൗഡയുടെ രണ്ടാമത്തെ മകനുമായ എച്ച്.ഡി. കുമാരസ്വാമി പരസ്യമായി വ്യക്തമാക്കിയതോടെ തീരുമാനം ദേവഗൗഡക്ക് വിട്ടു. ഈ സീറ്റ് ഇത്തവണ ഗൗഡ കുടുംബത്തിന് പുറത്ത് നൽകാൻ തീരുമാനിച്ചതാണെന്നാണ് കുമാരസ്വാമിയുടെ നിലപാട്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഭവാനിയെ സ്വതന്ത്രയായി മത്സരിപ്പിക്കുമെന്നും സിറ്റിങ് സീറ്റായ ഹൊളെനരസിപുരിൽ താനും സ്വതന്ത്രനായി മത്സരിക്കുമെന്നാണ് രേവണ്ണയുടെ ഭീഷണി. ഹാസനിൽ ഭവാനി സ്വതന്ത്രയായി മത്സരിച്ചാൽ തങ്ങൾ എതിർസ്ഥാനാർഥിയെ നിർത്തില്ലെന്ന് കോൺഗ്രസും രേവണ്ണയുമായി രഹസ്യധാരണയുണ്ട്. 2008ലും 2013ലും ജെ.ഡി-എസിന്റെ കൈയിലായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ ബി.ജെ.പിക്കായിരുന്നു ജയം. ഹാസൻ സീറ്റിൽ തീരുമാനമാകാത്തതിനെ തുടർന്ന് ജെ.ഡി-എസിന്റെ രണ്ടാം പട്ടിക പ്രഖ്യാപനവും വൈകുകയാണ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എച്ച്.ഡി. രേവണ്ണയുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ മകൻ പ്രജ്ജ്വൽ രേവണ്ണക്കായി ദേവഗൗഡ ഹാസൻ സീറ്റ് ഒഴിയുകയും തുമകുരുവിൽ മത്സരിക്കുകയും ചെയ്തിരുന്നു. പ്രജ്ജ്വൽ ജയിച്ചെങ്കിലും ദേവഗൗഡ തോറ്റത് പാർട്ടിക്ക് ഏറെ ക്ഷീണമായി. നിയമസഭ തെരഞ്ഞെടുപ്പിൽ കുമാരസ്വാമിയും മകൻ നിഖിൽ ഗൗഡയും ഇത്തവണ സീറ്റുറപ്പിച്ചിട്ടുണ്ട്. ഭാര്യ അനിത കുമാരസ്വാമിയുടെ സിറ്റിങ് മണ്ഡലമായ രാമനഗരയിൽ നിഖിൽ ഗൗഡയും സമീപ മണ്ഡലമായ ചന്നപട്ടണയിൽ കുമാരസ്വാമിയും മത്സരിക്കും. സീറ്റ് സംബന്ധിച്ച് മക്കളായ രേവണ്ണയും കുമാരസ്വാമിയും തമ്മിലെ തർക്കത്തിൽ ദേവഗൗഡക്ക് ഇതുവരെ അന്തിമ തീരുമാനമെടുക്കാനായിട്ടില്ല.
അതേസമയം, ജെ.ഡി-എസിന്റെ ശക്തികേന്ദ്രമായ ഹാസനിൽനിന്നടക്കം പാർട്ടിനേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. സിറ്റിങ് എം.എൽ.എമാരായ കെ.എൽ. ശിവലിംഗ ഗൗഡ (അരസിക്കരെ), എസ്.ആർ. ശ്രീനിവാസ് (ഗുബ്ബി), കെ. ശ്രീനിവാസ് ഗൗഡ (കോലാർ) എന്നിവർ കോൺഗ്രസിലേക്കും എ.ടി. രാമസ്വാമി (അർക്കൽഗുഡ്) ബി.ജെ.പിയിലേക്കും മുൻ എം.എൽ.എമാരായ മധു ബംഗാരപ്പ, വൈ.എസ്.വി. ദത്ത എന്നിവർ കോൺഗ്രസിലേക്കും ചേക്കേറി. നിഖിൽ ഗൗഡ മത്സരിക്കുന്ന രാമനഗരയിൽ ജെ.ഡി-എസിന്റെ ജില്ല പ്രസിഡന്റ് എച്ച്.എസ്. യോഗാനന്ദ അടക്കമുള്ള പ്രാദേശിക നേതാക്കൾ കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രാജണ്ണ ബി.ജെ.പിയിലുമെത്തി.
ജെ.ഡി-എസിന്റെ മുതിർന്ന നേതാവും എട്ടു തവണ എം.എൽ.സിയുമായ ബസവരാജ് ഹൊരട്ടി മാസങ്ങൾക്കു മുമ്പാണ് ബി.ജെ.പിയിലേക്കു മാറിയത്. ഇനിയും ഏതാനും എം.എൽ.എമാരും എം.എൽ.സിമാരും ജെ.ഡി-എസ് വിടാനൊരുങ്ങുകയാണെന്നാണ് വിവരം. പാർട്ടിയിലെ പ്രശ്നങ്ങൾ പുകയുമ്പോഴും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സജീവമാകാനാണ് ജെ.ഡി-എസ് ശ്രമം. തങ്ങളുടെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിൽ പ്രചാരണ പരിപാടികൾക്ക് ദേവഗൗഡയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.