കോൺഗ്രസിന്റെ നഷ്ടഖനിയിലെ ജെ.ഡി-എസ് മോഹം
text_fieldsപഴയകാലത്ത് സ്വർണഖനിക്ക് പേരുകേട്ട കോലാർ ഇന്ന് കർഷക മണ്ണാണ്. തക്കാളിയും മാമ്പഴവുമാണ് പ്രധാന കാർഷികവിളകൾ. കർഷക പ്രശ്ങ്ങളും കുടിവെള്ള ദൗർലഭ്യവുമൊക്കെയാണ് മണ്ഡലത്തിലെയും വിഷയങ്ങൾ.
1984ൽ ജി. വെങ്കടേശ് ജനതാ പാർട്ടിക്കുവേണ്ടി ഒറ്റത്തവണ ജയിച്ചതൊഴിച്ചാൽ മണ്ഡലം കോൺഗ്രസിന്റെ കുത്തകയായിരുന്നു. 1991 മുതൽ 2019 വരെ കെ.എച്ച്. മുനിയപ്പയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. 2019ലെ മോദി തരംഗത്തോടൊപ്പം കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ കൂടിയായതോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുനിയപ്പക്ക് അടിപതറിയത്.
മുനിയപ്പ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിപദത്തിലെത്തി. ഇത്തവണ മണ്ഡലം മരുമകൻ ചിക്ക പെദ്ദണ്ണക്ക് നൽകാൻ ചരടുവലിച്ചിരുന്നെങ്കിലും കോലാറിലെ കോൺഗ്രസ് എം.എൽ.എമാരിൽനിന്നടക്കം പ്രതിഷേധമുയർന്നതോടെ ഹൈകമാൻഡ് തീരുമാനം മാറ്റി. കെ.വി. ഗൗതമാണ് കോൺഗ്രസ് സ്ഥാനാർഥി.
കോലാറിൽ ഒറ്റ നിയമസഭ സീറ്റുപോലും ബി.ജെ.പിക്കില്ല. എട്ടിൽ അഞ്ചു സീറ്റും കോൺഗ്രസിനാണ്. തങ്ങളുടെ പ്രകടനപത്രികയിലെ അഞ്ചിന വാഗ്ദാനങ്ങൾക്കൊപ്പം ലക്ഷത്തോളം കർഷകർക്ക് സഹായമായ കോറമംഗല-ചല്ലഘട്ട ടാങ്ക് ഫില്ലിങ് ജലസേചനപദ്ധതി നടപ്പാക്കിയത്, ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം, കേന്ദ്രസർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം തുടങ്ങിയവയിലാണ് കോൺഗ്രസ് പ്രതീക്ഷ.
ബി.ജെ.പിയുടെ സിറ്റിങ് എം.പിയായ എസ്. മുനിസ്വാമിയെ തഴഞ്ഞ് മണ്ഡലം ഇത്തവണ ജെ.ഡി.എസിന് കൊടുത്തതിൽ മുനിസ്വാമിയും അനുയായികളും പ്രതിഷേധിച്ചിരുന്നു. എം. മല്ലേഷ് ബാബുവാണ് ജെ.ഡി-എസ് സ്ഥാനാർഥി. ബി.ജെ.പി സഖ്യത്തിൽ ജെ.ഡി.എസ് മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലൊന്നാണ് കോലാർ.
വൊക്കലിഗ വോട്ടുകൾ മണ്ഡലത്തിൽ നിർണായകമായതുകൊണ്ട് തന്നെ ജെ.ഡി.എസ് സീറ്റ് ചോദിച്ച് വാങ്ങുകയായിരുന്നു. മേഖലയിലെ ജെ.ഡി.എസ് നേതാക്കളുടെ നിലനിൽപിന് സീറ്റ് അത്യാവശ്യമായിരുന്നു എന്നതാണ് യാഥാർഥ്യം.
മോദിയുടെ പേരിൽ വോട്ട് പിടിക്കാനിറങ്ങുന്നതോടൊപ്പം തീവ്ര ഹിന്ദുത്വം, സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ മണ്ഡലത്തിലെ കരുത്ത് തുടങ്ങിയവയിലാണ് ബി.ജെ.പിയുടെ ശ്രദ്ധ. സ്ത്രീ വോട്ടർമാർ എണ്ണത്തിൽ കൂടുതലുള്ള മണ്ഡലത്തിൽ വനിതകൾക്കായി സർക്കാറുകൾ നൽകുന്ന സൗജന്യ പദ്ധതികളും വോട്ടിനെ സ്വാധീനിക്കും.
കോലാർ ലോക്സഭ മണ്ഡലം
നിയമസഭ മണ്ഡലങ്ങൾ (2023)
- കോൺഗ്രസ്: കെ.ജി.എഫ്, ബംഗാർപേട്ട്, മാലൂർ, ചിന്താമണി, കോലാർ
- ജെ.ഡി.എസ്: സിദ്ലഗട്ട, ശ്രീനിവാസപുര, മുൽബാഗൽ
- വോട്ടുനില 2019
എസ്. മുനിസ്വാമി (ബി.ജെ.പി) - 7,09,165
കെ.എച്ച്. മുനിയപ്പ (കോൺഗ്രസ്) -4,99,144
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.