രണ്ടാം പട്ടികയുമായി ജെ.ഡി-എസ്; ഭവാനി രേവണ്ണക്ക് സീറ്റില്ല
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാന മൂന്നാംകക്ഷിയായ ജെ.ഡി-എസിന്റെ രണ്ടാം സ്ഥാനാർഥി പട്ടിക വെള്ളിയാഴ്ച പുറത്തുവിട്ടു. 49 പേരുള്ള പട്ടികയിൽ ഹാസൻ സീറ്റിൽ ഭവാനി രേവണ്ണയില്ല. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മൂത്തമകനും ഹൊളെ നരസിപുർ എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയുടെ ഭാര്യയായ ഭവാനി ഹാസൻ സീറ്റ് ആവശ്യപ്പെട്ടിരുന്നു.
ഹാസൻ സീറ്റ് ഗൗഡ കുടുംബത്തിന് പുറത്തുള്ളയാൾക്ക് നൽകുമെന്ന് പാർട്ടി നിയമസഭ കക്ഷി നേതാവും ദേവഗൗഡയുടെ രണ്ടാമത്തെ മകനുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.
സീറ്റിനെചൊല്ലി തർക്കമുയർന്നതോടെ ഹാസനിൽ സ്വതന്ത്രയായി മത്സരിക്കാനുള്ള നീക്കത്തിലായിരുന്നു ഭവാനി. രേവണ്ണക്കു പുറമെ, ജെ.ഡി-എസ് കർണാടക അധ്യക്ഷൻ സി.എച്ച്. ഇബ്രാഹിമും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഹാസൻ സീറ്റ് മുൻ മന്ത്രി എച്ച്.എസ്. പ്രകാശിന്റെ മകൻ എച്ച്.പി. സ്വരൂപിനാണ് അനുവദിച്ചത്.
ആഴ്ചകൾക്ക് മുമ്പെ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ വൈ.എസ്.വി ദത്ത, കോൺഗ്രസ് സീറ്റ് അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം ജെ.ഡി-എസിൽ തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തിന് കാടൂർ സീറ്റ് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.