പവർ പോയി, തകർന്ന് ജെ.ഡി.എസ്
text_fieldsബംഗളൂരു: കിങ്മേക്കർ ആയില്ലെന്നത് പോകട്ടെ, വിലപേശാനുള്ള പവർ പോലും ഇല്ലാതായി. തെരഞ്ഞെടുപ്പിനുശേഷം തൂക്കുസഭ വന്നാൽ വിലപേശി നേട്ടമുണ്ടാക്കാമെന്ന് കരുതിയ ജനതാദൾ -എസ് ശക്തികേന്ദ്രമായ മൈസൂരു മേഖലയിൽ പോലും തകർന്നു.
മാർച്ച് 29ന് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ജെ.ഡി-എസിന്റെ കക്ഷിനില 32 ആയിരുന്നു. എന്നാൽ ഇന്നത് 19 ലേക്ക് കൂപ്പുകുത്തി. 13.3 ശതമാനമാണ് ഇത്തവണത്തെ ജെ.ഡി.എസിന്റെ ആകെ വോട്ടുവിഹിതം. 2018ൽ ഇത് 18 ശതമാനമായിരുന്നു. മുൻ പ്രധാനമന്ത്രിയും പരമോന്നത നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ പ്രതാപം അസ്തമിക്കുന്നതിനൊപ്പം ജെ.ഡി.എസിന്റെ ശക്തിയുമാണ് ചോരുന്നത്. 207 സീറ്റുകളിലാണ് ജെ.ഡി.എസ് ഇത്തവണ ആകെ മത്സരിച്ചത്. പാർട്ടി നിയമസഭ കക്ഷിനേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണത്ത് വിജയിച്ചെങ്കിലും മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിൽ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. കോൺഗ്രസിന്റെ ഇഖ്ബാൽ ഹുസൈൻ 10,715 വോട്ടിനാണ് നിഖിലിനെ പരാജയപ്പെടുത്തിയത്.
പഴയ മൈസൂരു മേഖലയിൽ 2018ൽ ജെ.ഡി.എസിന് 29 സീറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് 16 ആയി കുറഞ്ഞു. മുംബൈ കർണാടകയിൽ രണ്ട് സീറ്റുള്ളത് ഒന്നായി കുറഞ്ഞു. ഹൈദരാബാദ് കർണാടകയിൽ നാലുള്ളത് മൂന്നായും കുറഞ്ഞു. ബംഗളൂരു അർബൻ മേഖലയിൽ നാല് സീറ്റുള്ളത് മുഴുവനും ഇത്തവണ കൈവിട്ടു.
അതേസമയം, മൈസൂരു മേഖലയിൽ കോൺഗ്രസിന്റെ കടന്നുകയറ്റമാണ് ഇത്തവണ. 2018ൽ മൈസൂരു മേഖലയിൽ കോൺഗ്രസിന് 17സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. അത് ഇത്തവണ 37 ആക്കി വർധിപ്പിച്ചു. ബി.ജെ.പിക്കാകട്ടെ ഈ മേഖലയിൽ 11 സീറ്റുണ്ടായിരുന്നത് അഞ്ചിലേക്ക് കൂപ്പുകുത്തി. ഇത്തവണ മൈസൂരു പിടിക്കാൻ വൻതന്ത്രങ്ങളാണ് ബി.ജെ.പി പയറ്റിയിരുന്നത്. മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം.പിയും നടിയുമായ സുമലത ബി.ജെ.പിക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയെങ്കിലും ഏശിയില്ല. മാണ്ഡ്യയിൽ കോൺഗ്രസിന്റെ പി. രവികുമാർ 2019 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെ.ഡി.എസിന്റെ ബി.ആർ. രാമചന്ദ്രയെയാണ് തോൽപിച്ചത്. 30,661 വോട്ടുകൾ നേടി മൂന്നാംസ്ഥാനത്തായത് ബി.ജെ.പിക്ക് വൻ തിരിച്ചടിയായി.
മൈസൂരു-ബംഗളൂരു അതിവേഗ പത്തുവരിപ്പാതയുടെ ഉദ്ഘാടനം മാണ്ഡ്യയിൽ പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ച് നടത്തിയതടക്കം മൈസൂരു മേഖലയിൽ ബി.ജെ.പി തന്ത്രങ്ങൾ ഒരുപാട് പയറ്റിയെങ്കിലും പാർട്ടി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.