സി.കെ. നാണു ജെ.ഡി-എസ് സമാന്തര വിഭാഗം ദേശീയ അധ്യക്ഷൻ
text_fieldsബംഗളൂരു: ബി.ജെ.പിയുമായുള്ള സഖ്യവിവാദത്തിൽ ഉലഞ്ഞ ജനതാദൾ -സെക്കുലർ രണ്ടു വിഭാഗമായി. പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പുറത്താക്കിയ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിനെ ബംഗളൂരുവിൽ തിങ്കളാഴ്ച ചേർന്ന സമാന്തര ദേശീയ പ്ലീനറി കമ്മിറ്റി യോഗം പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. എച്ച്.ഡി. ദേവഗൗഡയെയും മകനും കർണാടക ജെ.ഡി-എസ് ഇടക്കാല പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമിയെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി യോഗം പ്രമേയം അവതരിപ്പിച്ചു. സോഷ്യലിസ്റ്റ്-മതേതരത്വ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അവസരവാദികളായ നേതാക്കളെ പാർട്ടിക്ക് വഹിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ട യോഗം, ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള നിർവാഹക സമിതി യോഗതീരുമാനം തള്ളി. സി.കെ. നാണുവിനെ അധ്യക്ഷനായി നിർദേശിച്ചതടക്കം മൂന്നു പ്രധാന പ്രമേയങ്ങൾ യോഗം ചർച്ച ചെയ്തു. ദേശീയ ഭാരവാഹികളെയും സംസ്ഥാന പ്രസിഡന്റുമാരെയും നിശ്ചയിക്കാനുള്ള അധികാരം ദേശീയ പ്രസിഡന്റിന് നൽകുന്ന പ്രമേയവും ദേശീയ തലത്തിൽ സോഷ്യലിസ്റ്റ്-ജനതാപരിവാർ പാർട്ടികളുടെ ഐക്യസാധ്യതയുടെ ചർച്ചകൾക്കായി സി.എം. ഇബ്രാഹിമിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും പാസാക്കി. ദേശീയതലത്തിൽ സോഷ്യലിസ്റ്റ്-ജനതാപരിവാർ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്തി ജനതാദളിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ബി.ജെ.പിക്കെതിരെ ഇൻഡ്യ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാനാണ് ആലോചന. പാർട്ടി ഔദ്യോഗിക ചിഹ്നം (കറ്റയേന്തിയ കർഷകസ്ത്രീ) അവകാശപ്പെട്ട് സി.കെ. നാണു വിഭാഗം നിയമപോരാട്ടം നടത്തും.
കേരളത്തിലടക്കം പുതിയ സംസ്ഥാന കമ്മിറ്റികൾ ഉടൻ രൂപവത്കരിക്കുമെന്ന് യോഗശേഷം സി.കെ. നാണു പറഞ്ഞു. ജെ.ഡി-എസിലെ ഇരുവിഭാഗങ്ങളുടെയും നിലപാടുകൾ ചർച്ചചെയ്ത ശേഷം ആരെ മുന്നണിയിലെടുക്കണമെന്ന തീരുമാനം എൽ.ഡി.എഫിന് വിട്ടുനൽകും. അവർ ഞങ്ങളെപ്പോലെ ജെ.ഡി-എസിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കുന്നവരാണെന്നതിൽ സംശയമുണ്ട്. പാർട്ടിയുടെ അടിസ്ഥാന രാഷ്ട്രീയത്തോട് യോജിക്കുന്നവർ ഞങ്ങളുമായി യോജിക്കുമെന്നും നാണു വ്യക്തമാക്കി.
ബംഗളൂരുവിൽ നടന്ന യോഗത്തിൽ തെലങ്കാന, യു.പി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന പ്രസിഡന്റുമാർ, ആന്ധ്രപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി, തമിഴ്നാട് ട്രഷറർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽനിന്ന് സി.കെ. നാണുവിനെ കൂടാതെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് തകിടി കൃഷ്ണൻ നായർ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഡ്വ. എസ്. ഫാസിൽ, മംഗലപുരം ഷാഫി, വയനാട് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി തുടങ്ങി 65ഓളം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.