ലൈംഗിക വിവാദം: പ്രജ്വൽ രേവണ്ണയെ ജെ.ഡി.എസിൽ നിന്ന് സസ്പെൻഡ് ചെയ്തു
text_fieldsബംഗളൂരു: ലൈംഗിക വിവാദത്തിൽ കുടുങ്ങിയ ജെ.ഡി.എസ് എം.പിയും ഹാസൻ ലോക്സഭ മണ്ഡലം സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സംഭവത്തിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിനനുസരിച്ചായിരിക്കും സസ്പെൻഷൻ കാലാവധിയെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
പ്രജ്വലിന്റെ പിതാവും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി.രേവണ്ണയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്താണ് ഹാസനിൽ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോ പ്രചരിച്ചത്. വിഡിയോയിൽ ഉൾപ്പെട്ട സ്ത്രീ വനിത കമ്മീഷന് പരാതി നൽകിയതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ബി.കെ.സിങ്ങിനാണ് അന്വേഷണ ചുമതല. രണ്ട് വനിത ഇൻസ്‍പെകടർമാരും അന്വേഷണസംഘത്തിലുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുമെന്നും പരമേശ്വര പറഞ്ഞു.
ജെ.ഡി.എസ് എം.പിയും എച്ച്.ഡി ദേവഗൗഡയുടെ പേരമകനുമായ പ്രജ്വൽ രേവണ്ണയുടെ നിരവധി അശ്ലീല വിഡിയോകൾ ഹാസൻ ജില്ലയിൽ പ്രചരിച്ചിരുന്നു. 2,976 വിഡിയോകൾ ഇത്തരത്തിൽ പ്രചരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിഡിയോകളിൽ ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സഖ്യ കക്ഷിയായ ജെ.ഡി.എസിലെ ലൈംഗിക വിവാദം ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. കർണാടകയിൽ ബി.ജെ.പി പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം വിവാദങ്ങൾ മുന്നണിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.