സച്ചാർ റിപ്പോർട്ട് നടപ്പാക്കുമെന്ന വാഗ്ദാനവുമായി ജെ.ഡി-എസ്
text_fieldsബംഗളൂരു: അധികാരത്തിൽ വന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് ജെ.ഡി-എസ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പുറത്തുവിട്ട പ്രകടനപത്രികയിലാണ് പ്രഖ്യാപനം.
മുസ്ലിം ന്യൂനപക്ഷം രാജ്യത്ത് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിൽ നേരിടുന്ന അസമത്വം തുറന്നുകാട്ടുന്നതാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. കർണാടകയിൽ മുമ്പ് ജെ.ഡി-എസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽനിന്ന് അകലുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടനപത്രികയിൽ നിർണായക വാഗ്ദാനവുമായി ജെ.ഡി-എസ് രംഗത്തുവന്നത്.
ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാതെ ജെ.ഡി-എസിന് കർണാടകയിൽ തിരിച്ചുവരവ് സാധ്യമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് ജെ.ഡി-എസിൽ തിരിച്ചെത്തിയ മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിമിനെ കർണാടക അധ്യക്ഷനായി നിയമിച്ചതും ഇതേ ലക്ഷ്യം മുന്നിൽക്കണ്ടാണ്. അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് പാർട്ടിയുമായി സഖ്യത്തിനും ജെ.ഡി-എസ് ശ്രമിക്കുന്നുണ്ട്. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിം, നിയമസഭ കക്ഷിനേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ പങ്കെടുത്തു. 12 ഇന പ്രകടനപത്രികയാണ് തയാറാക്കിയത്. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ചു പാചകവാതക സിലിണ്ടർ സൗജന്യം, സ്വകാര്യ ജോലികളിൽ കന്നഡികർക്ക് സംവരണം, വയോധികർക്ക് 5000 രൂപ പെൻഷൻ, ഗർഭിണികൾക്ക് ആറു മാസത്തേക്ക് 6000 രൂപ, വിധവ പെൻഷൻ വർധന തുടങ്ങിയവയും വാഗ്ദാനമാണ്. കർഷക യുവാക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ടു ലക്ഷം രൂപ സബ്സിഡി നൽകുമെന്നും കർഷക കുടുംബങ്ങൾക്ക് മാസം 2000 രൂപ വീതം നൽകുമെന്നും പ്രകടനപത്രികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.