ജെ.ഡി-എസ് യൂത്ത് വിങ് അധ്യക്ഷൻ മധു ബംഗാരപ്പ കോൺഗ്രസിൽ
text_fieldsബംഗളൂരു: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജെ.ഡി-എസ് യൂത്ത് വിങ് സംസ്ഥാന അധ്യക്ഷൻ മധു ബംഗാരപ്പ കോൺഗ്രസിൽ. വ്യാഴാഴ്ച മുതൽ കോൺഗ്രസിൽ ചേരുകയാണെന്നും പാർട്ടിയിൽ കൂടുതൽ പ്രവർത്തിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പിന്തുണക്കുന്ന പ്രവർത്തകരെല്ലാം തീരുമാനം എടുത്തുവെന്നും കോൺഗ്രസിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസിലായിരുന്നപ്പോഴാണ് പിതാവ് മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ നാളുകളായി പാർട്ടിയിലേക്കു ക്ഷണിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ രാജ്യത്തിനും സംസ്ഥാനത്തിനും ആവശ്യമുണ്ട്. അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുമായി പലഘട്ടങ്ങളിലും അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നെങ്കിലും അതുകൊണ്ടല്ല പാർട്ടി വിടുന്നതെന്നായിരുന്നു മധു ബംഗാരപ്പയുടെ പ്രതികരണം. വ്യാഴാഴ്ച പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കോൺഗ്രസിൽ ചേരുകയാണെന്ന് മധു ബംഗാരപ്പ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു വർഷമായി മധു ബംഗാരപ്പ കോൺഗ്രസിൽ ചേരുമെന്ന സൂചനയുണ്ടായിരുന്നതിനാൽതന്നെ ഇക്കാര്യത്തിൽ അത്ഭുതമില്ലെന്നായിരുന്നു എച്ച്.ഡി. കുമാരസ്വാമിയുടെ പ്രതികരണം. ജെ.ഡി-എസിെൻറ തുടക്കകാലം മുതൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ വിശ്വസിച്ചവർ അദ്ദേഹത്തെ പിന്നിൽനിന്നും കുത്തിയിട്ടുണ്ടെന്നും സാധാരണക്കാരായ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരാൻ ജെ.ഡി-എസിന് പ്രാപ്തിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
മാസങ്ങളായി മധു ബംഗാരപ്പ കോൺഗ്രസിൽ േചരുന്നത് സംബന്ധിച്ച വാർത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസം കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
മധു ബംഗാരപ്പക്കൊപ്പം ഹൊസക്കോെട്ട സ്വതന്ത്ര എം.എൽ.എ ശരത് ബച്ചെഗൗഡയും കോൺഗ്രസിലെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കോൺഗ്രസിന് പുറത്തുനിന്നും പിന്തുണ നൽകിക്കൊണ്ട് പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് ശരത് ബച്ചെഗൗഡ തീരുമാനിച്ചത്.
മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനാണ് സൊറാബ മുൻ എം.എൽ.എ കൂടിയായ മധു ബംഗാരപ്പ. ജെ.ഡി-എസിൽ ദേവഗൗഡ കുടുംബത്തിെൻറ വാഴ്ചയിൽ പാർട്ടി നേതാക്കൾക്ക് കാര്യമായ പരിഗണനയില്ലെന്നാണ് ആക്ഷേപം. മധു ബംഗാരപ്പയുടെ മൂത്ത സഹോദരനും ബി.ജെ.പി നേതാവുമായ കുമാർ ബംഗാരപ്പയാണ് നിലവിൽ സൊറാബ എം.എൽ.എ. 2017ലാണ് കുമാർ ബംഗാരപ്പ ബി.ജെ.പിയിൽ ചേരുന്നത്. സഹോദരന്മാർ തമ്മിൽ 2018ലെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയപ്പോൾ കുമാറിനായിരുന്നു ജയം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ സൊറാബയിൽത്തന്നെ വിധിതേടുകയാണ് മധു ബംഗാരപ്പ ലക്ഷ്യമിടുന്നത്. 2018ൽ ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മധു ബി.ജെ.പിയുടെ ബി.വൈ. രാഘവേന്ദ്രേയാട് അരലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.