നിതീഷ് കുമാർ രാജിവെച്ചു, ബി.ജെ.പിക്ക് മുഖമടച്ച് പ്രഹരം
text_fieldsപട്ന: ബിഹാറിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം അവസാനിപ്പിച്ച് ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) നേതാവും മുഖ്യമന്ത്രിയുമായ നിതിഷ് കുമാർ. വൈകീട്ട് നാലിന് ഗവർണർ ഫാഗു ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിക്കത്ത് കൈമാറിയത്.
കൂടാതെ പുതിയ സഖ്യസർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവും നിതീഷ് ഉന്നയിച്ചു. രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) അടക്കം പുതിയ സഖ്യത്തിന് പിന്തുണ അറിയിച്ചു രാഷ്ട്രീയ പാർട്ടികൾ നൽകിയ കത്തും നിതീഷ് ഗവർണർക്ക് കൈമാറി.
ജെ.ഡി.യു-ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യം യാഥാർഥ്യമാക്കാനുള്ള നീക്കമാണ് ബിഹാറിൽ പുരോഗമിക്കുന്നത്. എൻ.ഡി.എ ഘടകകക്ഷിയായ എച്ച്.എ.എമ്മും ഇടതു പാർട്ടികളും നിതീഷിനെ പിന്തുണക്കുമെന്നാണ് റിപ്പോർട്ട്. 160 എം.എൽ.എമാരുടെ പിന്തുണ മഹാസഖ്യത്തിന് ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആർ.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് തേജസ്വി യാദവ് നേരത്തെ നിതീഷ് കുമാറിന് കൈമാറിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ബി.ജെ.പി ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വ്യക്തമാക്കി.
പട്നയിൽ ഇന്ന് നടന്ന പാർട്ടി എം.പിമാരുടെയും എം.എൽ.എമാരും യോഗം നിതീഷ് കുമാറിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. അതേസമയം, നിതീഷിനെ തള്ളി ലോക്ജനശക്തി നേതാവ് ചിരാഗ് പാസ്വാൻ രംഗത്തെത്തി. നിതീഷിന് സ്വന്തം താൽപര്യമാണ് വലുതെന്ന് ചിരാഗ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് വർഷമായി തുടരുന്ന ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനാണ് നിതീഷിന്‍റെ രാജിയോടെ അന്ത്യം കുറിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ബി.ജെ.പിക്ക് നിതീഷിന്‍റെ വലിയ പ്രഹരമാണ് നൽകിയിട്ടുള്ളത്. ജെ.ഡി.യു പിളർത്തി ബിഹാറിൽ തനിച്ച് ഭരണം പിടിക്കാനുള്ള നീക്കമാണ് ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ കുറച്ചു കാലമായി നടത്തിവന്നിരുന്നു. ഈ നീക്കം മുൻകൂട്ടി കണ്ട നിതീഷ്, എൻ.ഡി.എ സഖ്യം വിട്ട് പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കം വേഗത്തിലാക്കുകയായിരുന്നു.
ജെ.ഡി.യു വീണ്ടും രാജ്യസഭ സീറ്റ് നൽകാതിരുന്ന മുൻ കേന്ദ്രമന്ത്രി ആർ.പി.സി സിങ് പാർട്ടി വിട്ടതോടെയാണ് ബി.ജെ.പി-ജെ.ഡി.യു ബന്ധം കൂടുതൽ മോശമായത്. ജെ.ഡി.യുവിനെ പിളർത്തുകയും ബി.ജെ.പിയെ വളർത്താനുമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് നിതീഷും ജെ.ഡി.യുവും ഉയർത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.