'മമ്മിയും പപ്പയും ക്ഷമിക്കണം; എന്റെ മുന്നിൽ മറ്റ് വഴികളില്ല' -ആത്മഹത്യ കുറിപ്പെഴുതി വെച്ച് കോട്ടയിലെ വിദ്യാർഥിനി ജീവനൊടുക്കി
text_fieldsരാജസ്ഥാൻ: എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും ആത്മഹത്യ. ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ''മമ്മിയും പപ്പയും ക്ഷമിക്കണം. എനിക്ക് ജെ.ഇ.ഇ പാസാകാൻ കഴിയില്ല. അതിനാൽ ജീവനൊടുക്കുകയാണ്. ഞാനൊരു പരാജയപ്പെട്ട വ്യക്തിയാണ്. ഏറ്റവും മോശം മകളും. എന്റെ മുന്നിൽ മറ്റ് വഴികളില്ല.''-എന്ന് എഴുതി വെച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്.
കോട്ടയിലെ പഠന സമ്മർദം താങ്ങാനാകാതെ നിരവധി വിദ്യാർഥികളാണ് ജീവനൊടുക്കിയത്. തുടർന്ന് രാജ്യത്തെ പ്രമുഖ മത്സര പരീക്ഷ കേന്ദ്രം വലിയ സമ്മർദത്തിലായിരുന്നു. വിദ്യാർഥികളുടെ പഠന സമ്മർദം അന്വേഷിക്കാൻ കമ്മിറ്റികളടക്കം രൂപീകരിച്ചിട്ടും സ്ഥിതിഗതികളിൽ മാറ്റമുണ്ടായില്ല.
നിഹാരിക സിങ് എന്ന 18കാരിയാണ് കുറിപ്പെഴുതി വെച്ച് ജീവനൊടുക്കിയത്. രാജസ്ഥാൻ സ്വദേശിയായ നിഹാരിക ജെ.ഇ.ഇക്ക് തയാറെടുക്കാനാണ് കോട്ടയിലെത്തിയത്. ജനുവരി 30-31 തീയതികളിലാണ് പരീക്ഷ. താമസസ്ഥലത്താണ് നിഹാരികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത്നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
പിതാവിനൊപ്പം താമസിച്ചാണ് നിഹാരിക മത്സരപരീക്ഷക്ക് തയാറെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകൾ ഉറക്കമിളച്ച് പഠിച്ചിട്ടും അതിനനുസരിച്ചുള്ള റിസൽട്ട് ലഭിക്കാത്തതിൽ കുട്ടി സമ്മർദത്തിലായിരുന്നു. ഇതേ കാരണത്താൽ അടുത്തിടെ യു.പിയിൽ നിന്നുള്ള നീറ്റ് പരീക്ഷക്ക് തയാറെടുത്ത മുഹമ്മദ് സെയ്ദ് എന്ന കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.