രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ഒരാഴ്ചക്കിടെ കാണാതായത് രണ്ട് വിദ്യാർഥികളെ
text_fieldsജയ്പൂർ: രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രമായ കോട്ടയിൽ നിന്ന് ഒരാഴ്ചക്കിടെ രണ്ടുവിദ്യാർഥികളെ കാണാതായി. ഉത്തർപ്രദേശിൽ നിന്നുള്ള പീയുഷ് കപാസിയയെ ഇക്കഴിഞ്ഞ 13നാണ് കാണാതായത്. ജെ.ഇ.ഇക്കായി തയാറെടുക്കുകയായിരുന്നു പീയുഷ്.
കോട്ടയിലെ ഇന്ദ്ര വിഹാറിലെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു രണ്ടുവർഷമായി പീയുഷ് പഠിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പീയുഷ് അമ്മയെ വിളിച്ച് സംസാരിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. പിന്നീട് വീട്ടുകാർ മൊബൈലിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. കുറച്ച് കഴിഞ്ഞ ഫോൺ സ്വിച്ച്ഡ് ഓഫ് ആവുകയും ചെയ്തു.
അതിനും ഒരാഴ്ച മുമ്പാണ് മധ്യപ്രദേശിൽ നിന്നുള്ള റാചിത് സന്ധ്യയെ കാണാതായത്. വിദ്യാർഥി ജവഹർ നഗർ ഹോസ്റ്റലിലായിരുന്നു താമസം. റാചിത് ഗരഡിയ മഹാദേവ് ക്ഷേത്രത്തിനടുത്ത കാട്ടിലേക്ക് കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബാഗും പൊലീസിന് ലഭിച്ചു.
കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്താൻ തീവ്രശ്രമം തുടരുകയാണ്. പ്രതിവർഷം രണ്ടുവർഷത്തിലേറെ വിദ്യാർഥികൾ ജെ.ഇ.ഇ/നീറ്റ് പരീക്ഷകൾക്കായുള്ള പരിശീലനത്തിന് കോട്ടയിൽ എത്താറുണ്ട്. പഠന സമ്മർദം താങ്ങാനാവാതെ കോട്ടയിൽ വിദ്യാർഥികൾ ജീവനൊടുക്കുന്ന നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് വിദ്യാർഥികളിൽ സമ്മർദമകറ്റാനുള്ള മാർഗനിർദേശങ്ങൾ എൻട്രൻസ് പരിശീലന കേന്ദ്രം പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.