ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
text_fieldsന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനായി ഈ മാസം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. 2021 ഏപ്രിൽ 27, 28, 30 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പരീക്ഷ നടക്കുന്നതിന് 15 ദിവസം മുമ്പ് അറിയിക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വാർത്താകുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ സുരക്ഷക്കും അവരുടെ അക്കാദമിക് കരിയറിനും വിദ്യാഭ്യാസ മന്ത്രാലയം പ്രാധാന്യം നൽകുന്നതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആകെ നാല് സെക്ഷനുകളുള്ള ജെ.ഇ.ഇ പരീക്ഷയുടെ ഒന്നും രണ്ടും സെക്ഷനുകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. ആദ്യ സെക്ഷനിൽ 620978 പേരും രണ്ടാം സെക്ഷനിൽ 556248 പേരും ആണ് പരീക്ഷ എഴുതിയത്.
രാജ്യത്തെ ഐ.ഐ.ടികളിേലക്കും എൻ.ഐ.ടികളിലേക്കും എൻജിനീയറിങ് കോഴ്സുകളിലെ പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ആണ് ജെ.ഇ.ഇ പരീക്ഷ നടത്തുന്നത്.
കോവിഡ് വ്യാപനം പരിഗണിച്ച് ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷകളും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെക്കാനും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും വിദ്യാഭ്യാസ വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.