ജെല്ലിക്കെട്ട്: മുഴുവന്‍ കേസും ജനുവരി 31ന് പരിഗണിക്കും
text_fieldsന്യൂഡല്‍ഹി: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കേസും ജനുവരി 31ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന് അനുമതി നല്‍കി ജനുവരി ആറിന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. നേരത്തേ കേസില്‍ ജനുവരി 30ന് വാദം കേള്‍ക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.
അതേസമയം, ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് 2016 ജനുവരിയില്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചതായി അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി കോടതിയെ അറിയിച്ചു. എന്നാല്‍, കേസില്‍ ഉയര്‍ന്ന ബെഞ്ച് വാദം കേള്‍ക്കുകയും വിധി പറയാന്‍ മാറ്റിവെച്ചതായും കോടതി ചൂണ്ടിക്കാട്ടി. ജെല്ലിക്കെട്ടിന് അനുമതി നല്‍കി ജനുവരി 23ന് തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ നിയമം ചോദ്യം ചെയ്ത് ജനുവരി 25ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. നേരത്തേ സുപ്രീംകോടതി പാസാക്കിയ മൃഗസംരക്ഷണനിയമത്തെ മറികടക്കുന്നതാണ് തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ബില്‍ എന്നാണ് ഇവര്‍ ആരോപിക്കുന്നത്. മൃഗങ്ങള്‍ അനുഭവിക്കുന്ന ക്രൂരത കണക്കിലെടുക്കാതെയാണ് വിഷയത്തില്‍ നിയമസഭ നിയമം പാസാക്കിയതെന്നും അടിയന്തരമായി കേസില്‍ വാദം കേള്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.