‘എയർഹോസ്റ്റസും മനുഷ്യനാണ്, അധിക്ഷേപം അംഗീകരിക്കാനാവില്ല’- വിമാനത്തിൽ ക്ഷോഭിച്ച ജീവനക്കാരിയെ പിന്തുണച്ച് ജെറ്റ് എയർവേസ് സി.ഇ.ഒ
text_fieldsന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യാത്രക്കാരനോട് ക്ഷോഭിച്ച എയറഹോസ്റ്റസിനെ പിന്തുണച്ച് ജെറ്റ് എയർവേസ് സി.ഇ.ഒ സഞ്ജീവ് കപൂർ. എയർഹോസ്റ്റസുമാരും മനുഷ്യരാണെന്നും അധിക്ഷേപവും അപമാനവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വിമാനത്തിൽ പലപ്പോഴും ജീവനക്കാർ അപമാനത്തിനും ശാരീരികാതിക്രമങ്ങൾക്കും വിധേയമാകുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് മുമ്പ് 19കാരിയായ എയർഹോസ്റ്റസിന് നേരിട്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു.
“ഞാൻ നേരത്തെ പറഞ്ഞതുപോലെ, വിമാന ജോലിക്കാരും മനുഷ്യരാണ്. അവർ (ഇൻഡിഗോ ജീവനക്കാരി) ഇങ്ങനെ പൊട്ടിത്തെറിക്കണമെങ്കിൽ ഒരുപാട് സമയമെടുത്തിരിക്കണം. വർഷങ്ങളായി, ഫ്ലൈറ്റുകളിൽ ജീവനക്കാരെ 'വേലക്കാർ' എന്നും അതിനേക്കാൾ മോശമായും വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മർദിക്കുകയും അപമാനിക്കുകയും വരെ ചെയ്യാറുണ്ട്. അവൾ (ഇൻഡിഗോ ജീവനക്കാരി) നേരിട്ട സമ്മർദ്ദങ്ങൾ അതിജീവിച്ച് സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു” -സഞ്ജീവ് കപൂർ ട്വീറ്റ് ചെയ്തു.
As I had said earlier, crew are human too. It must have taken a lot to get her to breaking point. Over the years I have seen crew slapped and abused on board flights, called "servant" and worse. Hope she is fine despite the pressure she must be under. https://t.co/cSPI0jQBZl
— Sanjiv Kapoor (@TheSanjivKapoor) December 21, 2022
മറ്റൊരു ട്വീറ്റിൽ, 19 കാരിയായ ക്യാബിൻ ക്രൂ അംഗത്തെ ഒരു യാത്രക്കാരൻ കരണത്തടിച്ച സംഭവം അദ്ദേഹം പങ്കുവെച്ചു. “കുറച്ച് വർഷം മുമ്പ്, വെറും 19കാരിയായ ഒരു പുതിയ എയർഹോസ്റ്റസിനെ ഭക്ഷണത്തിന്റെ പേരിൽ ഒരു യാത്രക്കാരൻ അടിച്ചു. അന്ന് തന്നെ ഞാൻ ആശ്വസിപ്പിക്കാൻ അവളെ ചെന്നുകണ്ടു. എന്നാൽ, അവൾക്ക് ആ സംഭവം ഉൾക്കൊള്ളാനായില്ല. താൻ ഇതിന് വേണ്ടിയല്ല ജോലിക്ക് കയറിയതെന്ന് പറഞ്ഞ അവൾ, അതേ ദിവസം തന്നെ ജോലി അവസാനിപ്പിച്ചു’ -സഞ്ജീവ് കപൂർ ഓർത്തു.
വിമാന ജീവനക്കാരെ വാക്കാലോ ശാരീരികമായോ അധിക്ഷേപിക്കുന്നതോ ഏതെങ്കിലും വിധത്തിൽ അപമാനിക്കുന്നതോ ഒരിക്കലും ശരിയല്ലെന്നും കപൂർ ഊന്നിപ്പറഞ്ഞു. “അക്കാലത്ത് ഇന്ത്യയിൽ യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാനുള്ള നയം ഉണ്ടായിരുന്നില്ല. ഒടുവിൽ, ആ നയരൂപവത്കരണത്തിന് ഇടയാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ഇത്. ഉപഭോക്താവാണ് എല്ലായ്പ്പോഴും ശരിയെന്ന് ഞാൻ പറയാറുണ്ട്. പക്ഷേ, അവൻ (അല്ലെങ്കിൽ അവൾ) തെറ്റ് ചെയ്യുന്നതോടെ അത് മാറും. ശാരീരികമോ വാക്കാലുള്ളതോ ആയ അധിക്ഷേപമോ അപമാനമോ ഒരിക്കലും അംഗീകരിക്കാനാവില്ല” -അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 16 ന് ഇസ്താംബൂളിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6E 12 വിമാനത്തിലാണ് കഴിഞ്ഞ ദിവസം തന്നോട് അപമര്യാദയായി സംസാരിച്ചയാളോട് എയർഹോസ്റ്റസ് പൊട്ടിത്തെറിച്ചത്. ഞാൻ നിങ്ങളുടെ വേലക്കാരിയല്ലെന്നും വിമാനത്തിലെ ജീവനക്കാരിയാണെന്നും എയർഹോസ്റ്റസ് പറയുന്ന വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു.
എയർഹോസ്റ്റസും യാത്രക്കാരനും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കമാണ് വിഡിയോയിലുള്ളത്. യാത്രക്കാരൻ ജീവനക്കാരോട് പരുഷമായി സംസാരിച്ചുവെന്നും ഇത് ഒരു എയർഹോസ്റ്റസിനെ കരയിച്ചുവെന്നും ക്രൂ അംഗം വിഡിയോയിൽ പറയുന്നുണ്ട്. ‘നിങ്ങൾ എനിക്ക് നേരെ വിരൽ ചൂണ്ടി എന്നോട് ആക്രോശിക്കുന്നു. നിങ്ങൾ കാരണം എന്റെ കൂടെള്ള ജോലിക്കാർ കരഞ്ഞു. ദയവായി മനസിലാക്കുക, ഇവിടെ നിങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം മാത്രമേ ലഭ്യമാകൂ.. അത് മാത്രമേ ഞങ്ങൾക്ക് വിളമ്പാൻ കഴിയൂ..." എന്ന് എയർഹോസ്റ്റസ് പറഞ്ഞുതീരുംമുമ്പ് യാത്രക്കാരൻ വീണ്ടും അവൾക്കെതിരെ ദേഷ്യപ്പെട്ട് സംസാരിച്ചു. "നീ എന്തിനാണ് അലറുന്നത്?" എന്നായിരുന്നു അയാളുടെ ചോദ്യം. നിങ്ങൾ ഞങ്ങളോട് ആക്രോശിക്കുന്നതിനാലാണെന്ന് എയർഹോസ്റ്റസ് മറുപടി പറയുന്നുണ്ട്. ഇതിനിടെ സഹപ്രവർത്തക ഇടപെട്ട് എയർഹോസ്റ്റസിനെ ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരനും എയർഹോസ്റ്റസും പരസ്പരം വാഗ്വാദം തുടർന്നു.
"ക്ഷമിക്കണം, ജോലിക്കാരോട് ഇങ്ങനെ സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ആദരവോടെയും ശാന്തമായും കേട്ടിരുന്നു. തിരിച്ച് നിങ്ങളും ജോലിക്കാരോട് ബഹുമാനം കാണിക്കണം’ എന്ന് എയർഹോസ്റ്റസ് പറഞ്ഞു. "എവിടെയാണ് ഞാൻ ജോലിക്കാരെ അനാദരിച്ചത്?" എന്നായി യാത്രക്കാരൻ.
‘പിന്നെ താൻ ആക്രോശിച്ചതും വിരൽചൂണ്ടിയതും എന്താണെന്ന്’ എയർഹോസ്റ്റസ് ചോദിച്ചപ്പോൾ "നീയാണ് ആക്രോശിച്ചത്. വായടക്കൂ" എന്നായിരുന്നു അയാളുടെ മറുപടി. ‘നീ വായടക്കൂ, ഞാൻ കമ്പനിയിലെ ജീവനക്കാരിയാണ്. തനിക്ക് ഇങ്ങനെ സംസാരിക്കാൻ അർഹതയില്ല’ എന്ന് ജീവനക്കാരി തിരിച്ചടിച്ചു. ‘നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണമേ വിളമ്പാൻ പറ്റൂ. നിങ്ങളുടെ ബോർഡിങ് പാസിൽ സാൻവിച്ചാണ് ഓർഡർ ചെയ്തതായി കാണുന്നത്’ -എന്ന് എയർ ഹോസ്റ്റസ് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ വേലക്കാരാണ് എന്നായിരുന്നു ഇതിന് യാത്രക്കാരന്റെ മറുപടി. ഇതോടെ കൂടുതൽ പ്രകോപിതയായ ജീവനക്കാരി ‘ഞാൻ കമ്പനിയിലെ ജോലിക്കാരിയാണ്, നിങ്ങളുടെ വേലക്കാരിയല്ല’ എന്ന് പറഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയതോടെ സഹജീവനക്കാരി ഈ എയർഹോസ്റ്റസിനെ വിമാനത്തിന്റെ കാബിനിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.