ജെറ്റ് എയർവേയ്സിന്റെ 538 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
text_fieldsന്യൂഡൽഹി: ജെറ്റ് എയർവേയ്സ് കേസുമായി ബന്ധപ്പെട്ട് 538 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. 17 റസിഡൻഷ്യൽ ഫ്ലാറ്റുകളും കൊമേഴ്സൽ കെട്ടിടങ്ങളും ഇ.ഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ലണ്ടൻ, ദുബൈ എന്നിവിടങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് 538 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഗോയൽ കുടുംബത്തിന്റെ സ്വത്തുക്കൾക്ക് പുറമേ ജെറ്റ്എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സ്വത്തുക്കളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസം ഗോയലിനും മറ്റ് അഞ്ച് പേർക്കുമെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കാനറ ബാങ്ക് നൽകിയ തട്ടിപ്പ് കേസിലാണ് നടപടി.
സെപ്റ്റംബർ ഒന്നിന് നരേഷ് ഗോയലിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിൽ ട്രസ്റ്റുകളുണ്ടാക്കി നരേഷ് ഗോയൽ ഇന്ത്യയിൽ നിന്നും പണം കടത്തിയെന്നാണ് കേസ്. വായ്പകളുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇ.ഡി ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.