എട്ട് കോടി വിലവരുന്ന സ്വർണാഭരണങ്ങളുമായി കടന്ന ജ്വല്ലറി ജീവനക്കാരൻ പിടിയിൽ
text_fieldsമുംബൈ: മുംബൈ ഗോറേഗാവിലെ ജ്വല്ലറി നിർമാണ യൂണിറ്റിൽ നിന്ന് എട്ട് കോടി വിലവരുന്ന 17 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ. രാജസ്ഥാൻ സ്വദേശി ഗണേഷ് കുമാറിനെ(21) സിരോഹി ജില്ലയിൽ നിന്നാണ് മുംബൈ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 10 കിലോ സ്വർണ്ണം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജ്വല്ലറിക്ക് സമീപത്തെ സി.സി.ടി.വി കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം മോഷണത്തിൽ അഞ്ച് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ഗോരേഗാവിലെ ജ്വല്ലറി നിർമാണ യൂണിറ്റ് ഉടമയാണ് മോഷണം നടന്നതായി പൊലീസിൽ പരാതി നൽകിയത്. എക്സിബിഷനിൽ പ്രദർശിപ്പിക്കാനാണ് പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ വാങ്ങിയതെന്നും, കോവിഡ് കാരണം എക്സിബിഷൻ മുടങ്ങിയതോടെ സ്വർണ്ണം ഓഫിസിൽ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.
ജനുവരി 14നാണ് ഗണേഷും കൂട്ടാളി 22കാരനായ രമേഷ് പ്രജാപതിയും സ്വർണവുമായി രക്ഷപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ ഗണേഷ് കുമാർ ഇതേ ജ്വല്ലറിയിലെ ജീവനക്കാരനാണ്. പുതിയ ഓർഡറുകൾ സ്വീകരിക്കുന്നതിനായി മിക്കപ്പോഴും ഗണേഷിനെയാണ് ചുമതലപ്പെടുത്താറെന്നും, ചില ദിവസങ്ങളിൽ ഇയാൾ ഓഫിസിൽ തന്നെ താമസിക്കാറുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.