ബി.ജെ.പി ‘നുഴഞ്ഞുകയറ്റം’ തകർത്ത് ഇൻഡ്യ
text_fieldsഹേമന്ത് സോറനും കൽപന സോറനും നയിച്ച തേരോട്ടത്തിൽ ഝാർഖണ്ഡിലെ ബി.ജെ.പി നുഴഞ്ഞുകയറ്റത്തെ ‘ഇൻഡ്യ’ സഖ്യം തകർത്തു. കടുത്ത മുസ്ലിം വിദ്വേഷ പ്രചാരകനായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് ഝാർഖണ്ഡിൽ പ്രചാരണ ചുമതല നൽകി ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റം’ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാക്കാൻ ബി.ജെ.പി നടത്തിയ അത്യധ്വാനമാണ് ആദിവാസി സമൂഹത്തിന്റെ പിന്തുണയോടെ ‘ഇൻഡ്യ’ സഖ്യം തകർത്തത്. ഝാർഖണ്ഡിലെ ഗോത്രമേഖലകളെ ജെ.എം.എമ്മിന്റെ ആദിവാസി സ്വത്വ രാഷ്ട്രീയത്തിൽനിന്ന് ബി.ജെ.പിയുടെ ഹിന്ദുത്വ സ്വത്വത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ ആർ.എസ്.എസിന്റെ പിന്തുണയോടെ നടത്തിയ വിദ്വേഷ പ്രചാരണങ്ങളും ലക്ഷ്യം കണ്ടില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ‘ലാഡ്ലി ബഹൻ യോജന’ കൊണ്ടുവന്ന് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാസം തോറും 3000 രുപയിട്ടുകൊടുത്ത് മധ്യപ്രദേശിൽ ബി.ജെ.പിക്ക് വൻവിജയം നേടിക്കൊടുത്ത മുൻ മുഖ്യമന്ത്രിയും കേന്ദ്ര കൃഷി മന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനെ ഹിമന്ത ബിശ്വ ശർമക്കൊപ്പം ഇറക്കി പാർട്ടി നയത്തിന് വിരുദ്ധമായി സൗജന്യങ്ങൾ പ്രഖ്യാപിച്ചതും ഫലിച്ചില്ല.
കൊടുമ്പിരികൊണ്ട വിദ്വേഷ പ്രചാരണം
രണ്ട് ഘട്ടങ്ങളിലായി ഈമാസം 13നും 20നും വോട്ടെടുപ്പ് നടന്ന ഝാർഖണ്ഡിൽ ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ഇൻഡ്യ സഖ്യം ഝാർഖണ്ഡിൽ ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്കൊപ്പമാണെന്ന വിദ്വേഷ പ്രചാരണം നടത്തി മുസ്ലിംകൾക്കെതിരെ ഗോത്രമേഖലയിലെ ആദിവാസികളെ തിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇതിനായി ഹേമന്ത് സോറനെ ആദിവാസി വിരുദ്ധനായി ചിത്രീകരിച്ച് നിരവധി വിഡിയോകളാണ് ബി.ജെ.പി ഇറക്കിയത്.
ഒടുവിൽ ഇൻഡ്യ സഖ്യം പരാതി നൽകിയതിനെ തുടർന്ന് തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാളാണ് ഇവയിലൊന്നെങ്കിലും വിലക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായത്. ജെ.എം.എമ്മിന്റെ ആദിവാസി സ്വത്വ രാഷ്ട്രീയത്തിൽനിന്ന് ഗോത്രവിഭാഗങ്ങളെ ബി.ജെ.പിയുടെ ഹിന്ദുത്വ സ്വത്വത്തിലേക്ക് കൊണ്ടുവരാൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റ പ്രോപഗണ്ടക്കൊപ്പം സന്താൾ പർഗാന പോലുള്ള മേഖലകളിൽ ‘ബടേംഗെ തോ കടേംഗെ’, ‘ഏക് ഹോ തേ സേഫ് ഹേ’ എന്നീ ധ്രുവീകരണ മുദ്രാവാക്യങ്ങളും കൂടി മുഴക്കിയിട്ടും കാര്യമുണ്ടായില്ല.
സഹതാപം നേടി ഹേമന്ത്; ക്രൗഡ്പുള്ളറായി കൽപന
ഝാർഖണ്ഡ് പിടിക്കാനായി മാത്രം മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കൊണ്ട് അനധികൃത പണമിടപാട് കേസ് രജിസ്റ്റർ ചെയ്യിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ബി.ജെ.പിക്ക് എതിരായി ഭവിച്ചു. ജയിലിലായതു മൂലം ആദിവാസി വോട്ടർമാരിൽ അദ്ദേഹത്തോടുണ്ടാക്കിയ സഹതാപം ഇൻഡ്യക്ക് ഗുണം ചെയ്തുവെന്ന് ഗോത്രമേഖലയിൽ നിന്ന് ലഭിച്ച അഭൂതപൂർവമായ പിന്തുണ വ്യക്തമാക്കുന്നു.
ഹേമന്ത് സോറനെ ജയിലിലടച്ച സമയത്ത് മുഖ്യമന്ത്രിയാക്കിയ ജെ.എം.എം നേതാവ് ചംപായ് സോറനെ ബി.ജെ.പിയിലേക്കെത്തിച്ച് ഗോത്ര മേഖലകളിലെ ജെ.എം.എം ആധിപത്യം തകർക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഹേമന്തിനെ ജയിലിലടച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് നേതൃനിരയിലേക്കുയർന്ന ഭാര്യ കൽപന സോറൻ ഝാർഖണ്ഡിൽ ഇത്തവണ ക്രൗഡ്പുള്ളറായി. 40 റാലികളാണ് ഇൻഡ്യ സഖ്യത്തിനായി അവർ മാത്രം നടത്തിയത്.
കോൺഗ്രസിനെ വെല്ലുന്ന പ്രകടനവുമായി ആർ.ജെ.ഡി
സീറ്റുനില 50ൽ എത്തുമെന്നാണ് ഇൻഡ്യ പ്രതീക്ഷിച്ചതെന്ന് ഝാർഖണ്ഡിന്റെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ പറഞ്ഞു. എന്നാൽ, കോൺഗ്രസ് കണക്കുകൂട്ടിയ മണ്ഡലങ്ങൾ പലതും കൈവിട്ടപ്പോൾ ജെ.എം.എമ്മും മറ്റൊരു ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദളും (ആർ.ജെ.ഡി) ആ കുറവ് നികത്തി. എൻ.ഡി.എ സഖ്യത്തിന് കിട്ടിയ ആകെ സീറ്റുകളേക്കാൾ ജെ.എം.എമ്മിന് മാത്രം കിട്ടി. മത്സരിച്ച ആറിൽ അഞ്ച് സീറ്റുകളിലും മുന്നേറി ഇൻഡ്യ സഖ്യത്തിലെ മൂന്നാമത്തെ ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) രാഷ്ടീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു.
രാവിലെ ആദ്യഘട്ട പ്രവണതകളിൽ മഹാരാഷ്ട്രക്കൊപ്പം ഝാർഖണ്ഡും ബി.ജെ.പി നേടുമെന്ന് തോന്നിച്ചശേഷമായിരുന്നു, കോൺഗ്രസ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതിരുന്നിട്ടും ഇൻഡ്യാ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.