ഝാർഖണ്ഡ്: 36 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെ.എം.എം
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള 36 സ്ഥാനാർഥികളെ ഝാർഖണ്ഡ് മുക്തിമോർച്ച പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹൈത് മണ്ഡലത്തിൽനിന്നും ഭാര്യ കൽപന സോറൻ ഗാണ്ഡെ മണ്ഡലത്തിൽനിന്നും ജനവിധി തേടും. നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. രാവിലെ 35 പേരുടെ പട്ടികയും പിന്നീട് ഒരാളുടെ പട്ടികയുമാണ് പുറത്തിറക്കിയത്.
ഹേമന്ത് സോറെന്റ സഹോദരൻ ബസന്ത് സോറൻ ധുംക മണ്ഡലത്തിലും സ്പീക്കർ രബീന്ദ്രനാഥ് മഹ്തോ നള മണ്ഡലത്തിലും രാജ്യസഭ എം.പി മഹുവ മാജി റാഞ്ചിയിൽനിന്നും മത്സരിക്കും. പട്ടികവർഗ സംവരണ മണ്ഡലമായ ബർഹൈതിൽനിന്നുള്ള സിറ്റിങ് എം.എൽ.എയാണ് ഹേമന്ത് സോറൻ. 2019 നിയമസഭ തെരഞ്ഞെടുപ്പിൽ 25,740 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയിലെ സൈമൺ മാൾക്കോയെ പരാജയപ്പെടുത്തിയത്. ഗാണ്ഡെ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 27,149 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് കൽപന സോറൻ വിജയിച്ചത്. ജെ.എം.എം എൽ.എൽ.എ സർഫറാസ് അഹമ്മദിെന്റ രാജിയെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സംസ്ഥാനത്ത് ഇൻഡ്യ സഖ്യത്തിലെ പ്രബല കക്ഷികളായ ജെ.എം.എമ്മും കോൺഗ്രസും 70 സീറ്റിലാണ് ജനവിധി തേടുന്നത്. ആകെ 81 സീറ്റാണ് സംസ്ഥാന നിയമസഭയിലുള്ളത്. ശേഷിക്കുന്ന 11 സീറ്റ് ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവക്കായി മാറ്റിവെച്ചിരിക്കുകയാണ്. ആറ് സീറ്റിലേക്കുള്ള സ്ഥാനാർഥികളെ ആർ.ജെ.ഡി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കുടുംബാധിപത്യ രാഷ്ട്രീയമാണ് ജെ.എം.എം പിന്തുടരുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. മുഖ്യമന്ത്രിയും ഭാര്യയും സഹോദരനും മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിെന്റ വിമർശനം. ജെ.എം.എം സ്ഥാനാർഥി പട്ടികയിൽ വൈവിധ്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളെ നൽകാനാവുമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. അടുത്തിടെ ബി.ജെ.പി വിട്ട് ജെ.എം.എമ്മിൽ ചേർന്ന നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശം.
ബി.ജെ.പി ജയിച്ചാൽ ഹുസൈനാബാദിന്റെ പേര് മാറ്റും -ഹിമന്ത
റാഞ്ചി: ബി.ജെ.പി ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ ഹുസൈനാബാദ് സബ് ഡിവിഷൻ രാമന്റെയോ കൃഷ്ണന്റെയോ പേരിട്ട് പുതിയ ജില്ലയാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിനാകും മുഖ്യപരിഗണനയെന്നും ഝാർഖണ്ഡിൽ ബി.ജെ.പി പ്രചാരണ ചുമതലയുള്ള അദ്ദേഹം പറഞ്ഞു.
ഹുസൈനാബാദ് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിക്കായി ജപ്ല മൈതാനത്ത് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ സംസ്ഥാനത്ത് ജനസംഖ്യ മാറ്റിമറിക്കുകയാണ്. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കും -ഹിമന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.