ഗോരക്ഷക ഗുണ്ട ആക്രമണം: ഝാർഖണ്ഡിൽ നിരോധനാജ്ഞ
text_fieldsറാഞ്ചി: കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ രാംഗഢ് ജില്ലയിൽ ഒരാൾ കൊല്ലപ്പെട്ട ഗോരക്ഷക ഗുണ്ട ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.സംഭവത്തിൽ ഝാർഖണ്ഡിന് പുറമെ ബിഹാറിലും വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. രണ്ട് സംസ്ഥാനങ്ങളിലുമായി സംഘം ചേർന്നുള്ള ആക്രമണങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. അതിനിടെ കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ഗോരക്ഷക ഗുണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് അലീമുദ്ദീെൻറ കുടുംബത്തിന് സംസ്ഥാന സർക്കാർ രണ്ടുലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് വാഹനത്തിൽ ബീഫ് കൊണ്ടുപോയെന്ന് ആരോപിച്ച് കാറിൽ പോവുകയായിരുന്ന മുഹമ്മദ് അലീമുദ്ദീനെ വാഹനത്തിൽനിന്നും വലിച്ചിറക്കി 30 അംഗ സംഘം കൊലപ്പെടുത്തി വാഹനത്തിന് തീയിട്ടത്.സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും ക്രമസമാധാന നില നിയന്ത്രണാധീനമാണെന്ന് ഇൻസ്പെക്ടർ ജനറൽ എം.എൽ. മീന പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടിയുണ്ടാവുമെന്ന് പൊലീസ് സൂപ്രണ്ട് കിഷോർ കൗശൽ അറിയിച്ചു. അതിനിടെ ഗിരിഡി ജില്ലയിലുണ്ടായ മറ്റൊരു സംഭവത്തിൽ ഒരാളെ ഗോരക്ഷക ഗുണ്ടകൾ മർദിച്ചവശനാക്കുകയും ചെയ്തു.
അതേസമയം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി രഘുബർ ദാസ് പൊലീസിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.