സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളിയുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ്
text_fieldsന്യൂഡൽഹി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളിയുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ്. ഝാർഖണ്ഡിലെ പ്രാദേശിക മാധ്യമപ്രവർത്തകനെതിരെയാണ് കേസ്. പ്രദേശത്തെ യുട്യൂബർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സർക്കാർ ജോലിക്ക് തടസ്സം നിൽക്കുകയും ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന കുറ്റമാരോപിച്ചാണ് മാധ്യമപ്രവർത്തകൻ സോനു അൻസാരി, യുട്യൂബർ ഗുഞ്ചൻ കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. തുരങ്കത്തിൽ കുടുങ്ങിയ മാധ്യമപ്രവർത്തകന്റെ വീട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെത്തുമ്പോൾ അവർക്കൊപ്പം ഇവർ രണ്ട് പേരുമുണ്ടായിരുന്നു.
നിജസ്ഥിതി പരിശോധിക്കാതെ അവർ വിഡിയോ ചിത്രീകരണം ആരംഭിച്ചുവെന്നും തുടർന്ന് തങ്ങളുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് സബ്-ഡിവിഷണൽ പൊലീസ് ഓഫീസർ ഓംപ്രകാശ് തിവാരി പറഞ്ഞു.
അതേസമയം, റിപ്പോർട്ടുകളിലൂടെ തൊഴിലാളിയുടെ ദുരിതം പുറംലോകത്തെത്തിക്കാനാണ് ശ്രമിച്ചതെന്ന് മാധ്യമപ്രവർത്തകൻ സോനു അൻസാരി പ്രതികരിച്ചു.
നവംബർ 28-ാം തീയതിയാണ് ചരിത്രം കുറിച്ച രക്ഷാദൗത്യത്തിലൂടെ മണ്ണിടിഞ്ഞ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ നിന്ന് 41 തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്. ഒരാഴ്ചയായി നിർമിച്ചു കൊണ്ടിരിക്കുന്ന കുഴൽപാത ലക്ഷ്യത്തിലെത്തിയതാണ് രക്ഷാദൗത്യം സാധ്യമാക്കിയത്. ചക്രമുള്ള സ്ട്രെച്ചറിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
തൊഴിലാളികളിൽ 15 പേർ ഝാർഖണ്ഡിൽ നിന്നുള്ളവരാണ്. ഒഡിഷ അഞ്ച്, ഉത്തർപ്രദേശ് എട്ട്, ബിഹാർ അഞ്ച്, പശ്ചിമ ബംഗാൾ മൂന്ന്, ഉത്തരാഖണ്ഡ്, അസം രണ്ടു വീതം, ഹിമാചൽപ്രദേശ് ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.