അഞ്ചുവയസുകാരിയുടെ മരണം പട്ടിണി മൂലമെന്ന് മാതാപിതാക്കൾ; നിഷേധിച്ച് സർക്കാർ
text_fieldsറാഞ്ചി: റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഭക്ഷ്യധാന്യം ലഭിക്കാത്തതിനെ തുടർന്ന് അഞ്ചുവയസുകാരി പട്ടിണിമൂലം മരിച്ചുവെന്ന് മാതാപിതാക്കൾ. ഝാർഖണ്ഡിലെ ലതേഹാർ ജില്ലയിലാണ് സംഭവം. നാലഞ്ചു ദിവസം ഭക്ഷണം കഴിക്കാതിരുന്നതിനാലാണ് അഞ്ചുവയസുകാരി നിമാനി മരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കുടുംബത്തിന് റേഷൻ കാർഡ് ഇല്ല. റേഷൻ കാർഡ് ഇല്ലാത്തതിനാൽ പ്രാദേശിക ഭരണകൂടം റേഷൻ നിഷേധിക്കുകയായിരുന്നുവെന്നും നിമാനി മരിച്ച ദിവസം രാത്രിയിൽ ഡെപ്യൂട്ടി ജില്ല കമീഷനർ വീട്ടിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചതായും കുടുംബം പറയുന്നു.
എന്നാൽ പ്രാദേശിക അധികാരികൾ സംഭവം നിഷേധിച്ചു. നിമാനിയുടെ കുടുംബത്തിന് റേഷൻ നൽകിയിരുന്നതായും തനിക്കെതിരെ ഉയർന്ന ആരോപണത്തിന് തെളിവില്ലെന്നും ബി.ഡി.ഒ പറഞ്ഞു. അംഗൻവാടി ജീവനക്കാരുടെയും അയൽവാസികളുടെയും നേതൃത്വത്തിൽ തുക ശേഖരിച്ച് നിമനിയുടെ കുടുംബത്തിന് ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. കൂടാതെ ജില്ല ഭരണകൂടം നടത്തുന്ന റേഷൻ കട വഴി അധികം ധാന്യം ഇവർക്ക് നൽകിയതായും പറയുന്നു.
കുട്ടിയുടെ മരണകാരണം വേറെ എന്തെങ്കിലുമായിരിക്കുമെന്നും പ്രാദേശിക ഭരണകൂടം ആരോപിച്ചു. കുട്ടിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടി അന്നേദിവസം ഭക്ഷണം കഴിച്ചിരുന്നതായും വെയിലത്ത് കളിക്കാൻ പോയിവന്ന ശേഷം തലവേദനയുണ്ടായിരുന്നതായി പറഞ്ഞതായും ഇതിനുശേഷമാണ് മരണമെന്നും പ്രാദേശിക അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.