മുൻ ബി.ജെ.പി മന്ത്രിമാരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ ജാർഖണ്ഡ് സർക്കാർ ഉത്തരവിട്ടു
text_fieldsറാഞ്ചി: മുൻ മുഖ്യമന്ത്രി രഘുബർ ദാസിന്റെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന അഞ്ച് ബി.ജെ.പി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാൻ ജാർഖണ്ഡ് സർക്കാർ ഉത്തരവിട്ടു. സ്വത്തുക്കൾ സംബന്ധിച്ച് 2020ൽ ജാർഖണ്ഡ് ഹൈക്കോടതിയിൽ പങ്കജ് യാദവ് എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി) ക്കാണ് അന്വേഷണ ചുമതല. 2014 മുതൽ 2019 വരെ രഘുബർ ദാസ് സർക്കാരിൽ മന്ത്രിമാർ ആയിരുന്ന അമർ ബൗരി, നീലകണ്ഠ് സിങ് മുണ്ട, നീര യാദവ്, രൺധീർ സിങ്, ലൂയിസ് മറാണ്ടി എന്നിവർക്കെതിരായാണ് അന്വേഷണം.
മുൻ മന്ത്രിമാരായ അഞ്ച് പേരുടെയും ആസ്തികളിലുണ്ടായ വളർച്ചയുടെ വിശദാംശങ്ങൾ െെകയ്യിലുണ്ടെന്ന് ഹരജിക്കാരനായ പങ്കജ് യാദവ് പറഞ്ഞു. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ സൂക്ഷമമായി താരതമ്യം ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ എല്ലാവരുടെയും ആസ്തികൾ 200 മുതൽ ഏകദേശം 1200 ശതമാനം വരെ കുത്തനെ വർധിച്ചു. അഴിമതി വിരുദ്ധ ബ്യൂറോ ആവശ്യപ്പെട്ടാൽ ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.സി.ബി, ആദായനികുതി വകുപ്പ്, ചീഫ് സെക്രട്ടറി എന്നിവരെയും ഹരജിക്കാരൻ പൊതുതാൽപര്യ ഹരജിയിൽ കക്ഷി ചേർത്തിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ ബി.ജെ.പി നേതാക്കളിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലയെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.