ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഭൂമിയിടപാട് കേസിൽ ജാമ്യം
text_fieldsറാഞ്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജയിലിലായ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈകോടതി ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ അദ്ദേഹം ജയിൽ മോചിതനായി.
അഞ്ചരമാസത്തിന് ശേഷമാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് കൂടിയായ സോറനെ ജനുവരി 13നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. തുടർന്ന് ബിർസ മുണ്ട ജയിലിലടക്കുകയായിരുന്നു.
ജയിൽ മോചിതനായ സോറനെ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ എതിരേറ്റു. ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ കോടതി ഉത്തരവ് സ്വാഗതം ചെയ്തു. പ്രഥമദൃഷ്ട്യാ സോറൻ കുറ്റക്കാരനെന്ന് തോന്നുന്നില്ലെന്നും ജാമ്യം ലഭിച്ചാൽ സമാന കുറ്റം ചെയ്യാൻ സാധ്യതയില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
സുപ്രീംകോടതിയെ സമീപിക്കുന്നതിനായി ജാമ്യ ഉത്തരവിന് 48 മണിക്കൂർ സ്റ്റേ അനുവദിക്കണമെന്ന് ഇ.ഡി അഭിഭാഷകനായ സോഹെബ് ഹുസൈൻ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സോറനുവേണ്ടി ഹാജരായത്. ക്രിമിനൽക്കേസിൽ സോറനെ കേന്ദ്ര ഏജൻസി അന്യായമായി പ്രതിചേർത്തതാണെന്ന് അദ്ദേഹം വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.