ഝാർഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കും -അമിത് ഷാ
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലേറിയാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും എന്നാൽ, ആദിവാസികളെ ഇതിൽനിന്ന് മാറ്റിനിർത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രകടനപത്രിക ‘സങ്കൽപ് പത്ര’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വ്യവസായങ്ങളും ഖനികളുംമൂലം കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഡിസ്പ്ലേസ്മെന്റ് കമീഷൻ രൂപവത്കരിക്കും. സംസ്ഥാനത്ത് 2.87 ലക്ഷം സർക്കാർ ജോലികൾ ഉൾപ്പെടെ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും നിയമം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.
ഏക സിവിൽകോഡ് അനുവദിക്കില്ല -ഹേമന്ദ് സോറൻ
റാഞ്ചി: ഝാർഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്ക് ഉടൻ മറുപടിയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഏക സിവിൽകോഡോ ദേശീയ പൗരത്വ രജിസ്റ്ററോ (എൻ.ആർ.സി) സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് സോറൻ പ്രഖ്യാപിച്ചു. ബി.ജെ.പി ആദിവാസികളെയോ ദലിതുകളെയോ പിന്നാക്ക സമുദായങ്ങളെയോ പരിഗണിക്കുന്നില്ലെന്ന് ഗർവായിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അദ്ദേഹം പറഞ്ഞു.
ജെ.എം.എം (ഝാർഖണ്ഡ് മുക്തി മോർച്ച) നേതൃത്വത്തിലുള്ള സർക്കാർ നക്സലിസം പ്രോത്സാഹിപ്പിക്കുകയാണെന്ന ഷായുടെ പ്രസ്താവനയെയും സോറൻ വിമർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായതുതന്നെ നക്സലിസം നിയന്ത്രിക്കപ്പെട്ടതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ഉണങ്ങുന്ന മരത്തോട് ഉപമിച്ച സോറൻ, അതിനെ വേരോടെ പിഴുതെറിയുമെന്നും കൂട്ടിച്ചേർത്തു. 81 അംഗ നിയമസഭയിലേക്ക് നവംബർ 13, 20 തീയതികളിലാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.