ഝാർഖണ്ഡ് കോൺഗ്രസിന്റെ ഏക എം.പിയും ബി.ജെ.പിയിലേക്ക്
text_fieldsറാഞ്ചി: ഝാർഖണ്ഡ് കോൺഗ്രസിന്റെ ഏക എം.പി ഗീത കോഡ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന മേധാവി ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഗീതയുടെ പാർട്ടി പ്രവേശം. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ.
സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുണ്ടാക്കിയ സഖ്യങ്ങളിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗീത നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുമാറ്റം. കോൺഗ്രസ് പ്രീണനരാഷ്ട്രീയം നടത്തുകയാണെന്നായിരുന്നു ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ ഇവരുടെ പ്രതികരണം.
"കോൺഗ്രസ് രാജ്യത്തെ നാശത്തിലേക്ക് തള്ളിവിട്ടു. കോൺഗ്രസ് പ്രീണന രാഷ്ട്രീയം മാത്രമാണ് ചെയ്യുന്നത്. ഒരു വശത്ത് എല്ലാവരേയും കൂടെ കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു, പക്ഷേ അവർ ആരെയും ശ്രദ്ധിക്കുന്നില്ല, അവരുടെ കുടുംബത്തെക്കുറിച്ച് മാത്രമാണ് ആശങ്ക. ജനങ്ങളെ കുറിച്ച് തീരെ താൽപ്പര്യമില്ലാത്ത ഒരു പാർട്ടിയിൽ തുടരുക പ്രയാസമാണ്. ഭാവിയിൽ ബി.ജെ.പിക്കൊപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് തീരുമാനം. പാർട്ടി ആവശ്യപ്പെടുന്ന എല്ലാ പ്രവർത്തനവും ചെയ്യാൻ തയ്യാറാണ്. ഇന്ത്യയെ വികസിത ഭാരതമാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യും," ഗീത കൂട്ടിച്ചേർത്തു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയ കോൺഗ്രസിന് ഏക എം.പിയുടെ കൂടുമാറ്റം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. 72000 വോട്ടുകൾക്കാണ് ഗീത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ലക്ഷ്മൺ ഗിലുവയോടെ വിജയിച്ചത്.
അതേസമയം നേതൃതലങ്ങളിലേക്ക് ഉയർന്നു വന്നാൽ പോലും സ്ത്രീകൾക്ക് കോൺഗ്രസിൽ അർഹമായ അംഗീകാരം ലഭിക്കാറില്ലെന്ന ആരോപണവുമായി കോൺഗ്രസ് മുൻ എം.എൽ.എ എസ്. വിജയധരണി രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 24നാണ് വിജയധരണി ബി.ജെ.പിക്കൊപ്പം ചേർന്നത്. ''കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനമൊന്നുമില്ല. കഴിഞ്ഞ 14 വർഷമായി ഞാനൊഴികെ മറ്റൊരു സ്ത്രീക്കും എം.എൽ.എ പദവി ലഭിച്ചിട്ടില്ല. നിർഭാഗ്യവശാൽ അവർക്ക് എന്നെ പോലും ആ പദവിയിൽ നിലനിർത്താൻ സാധിച്ചില്ല. അങ്ങനെയാണ് ആ പാർട്ടിയുടെ പ്രവർത്തനം,''വിജയധരണി ആരോപിച്ചു. സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടും. പാർട്ടിയിൽ ചേർന്ന് 37 വർഷത്തിനു ശേഷമാണ് താൻ രാജിവെക്കുന്നതെന്നും അവർ പറഞ്ഞു. പകരമായി ഒന്നും ആഗ്രഹിക്കാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചയാളാണ് താൻ. സ്ത്രീകൾക്ക് നേതൃസ്ഥാനം നൽകില്ലെന്നത് മോശം പ്രവണതയാണ്. എന്നാൽ ബി.ജെ.പിയിൽ സ്ഥിതി വ്യത്യസ്തമാണ്. സ്ത്രീകളുടെ നേതൃപാടവത്തെ കുറിച്ച് അവർക്ക് നന്നായി അറിയാം. അതാണ് പാർട്ടി വിടാനുണ്ടായ സാഹചര്യമെന്നും വിജയധരണി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.