13കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം: യോഗി രാജ് ക്രൂരതയുടെ കൊടുമുടിയിൽ -ജിഗ്നേഷ് മേവാനി
text_fieldsഅഹ്മദാബാദ്: യു.പി ലഖിംപൂർ ഖേരി ജില്ലയിലെ ദലിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ വിമർശനം രൂക്ഷമാകുന്നു. ഉത്തർപ്രദേശിൽ യോഗി രാജാണ് നടപ്പാക്കുന്നതെന്ന് ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയും ആക്ടിവിസ്ടുമായ ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. ലജ്ജാകരമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ സംസ്ഥാനത്ത് 'ജംഗിൾ രാജ്' ആണ് നടപ്പാക്കുന്നതെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി (യു.പി.സി.സി) പ്രസിഡൻറ് അജയ് കുമാർ ലല്ലു പറഞ്ഞു. കുറ്റവാളികളും പൊലീസും തമ്മിൽ അവിശുദ്ധ ബന്ധം നിലനിൽക്കുന്നതായും കോൺഗ്രസ് ആരോപിച്ചു. ലഖിംപൂർ വിഷയം നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി സർക്കാറിൻെറ കാലത്ത് ദലിത് പീഡനം അതിൻെറ മൂർധന്യതയിലെത്തിയതായി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ആരോപിച്ചു. പെൺമക്കളോ വീടുകളോ സുരക്ഷിതമല്ല. എല്ലായിടത്തും ഭയം നിലനിൽക്കുകയാണ് -ആസാദ് ചൂണ്ടിക്കാട്ടി.
ലഖ്നോവിൽ നിന്ന് 130 കിലോമീറ്റർ അകലെ നേപ്പാൾ അതിർത്തിയിൽ വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്. 13കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്തശേഷം കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ രണ്ട് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.