മോദിക്കെതിരെ ട്വീറ്റ്; ജിഗ്നേഷ് മേവാനി അറസ്റ്റിൽ
text_fieldsഅഹ്മദാബാദ്: നാഥുറാം ഗോദ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമർശിക്കുന്ന വിവാദ ട്വീറ്റിനെ തുടർന്ന് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽനിന്ന് അറസ്റ്റ് ചെയ്ത മേവാനിയെ മണിക്കൂറുകൾക്കുള്ളിൽ വിമാനത്തിൽ ഗുവാഹതിയിലെത്തിച്ചു.
അവിടെനിന്ന് 220 കിലോമീറ്റർ ദൂരം റോഡ് മാർഗം കേസ് രജിസ്റ്റർ ചെയ്ത കൊക്രജർ ജില്ലയിലേക്ക് കൊണ്ടുപോയി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മേവാനിയെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ദിവസങ്ങൾക്കുമുമ്പാണ് ഗുജറാത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ജിഗ്നേഷ് മേവാനി വിവാദ ട്വീറ്റ് പങ്കുവെക്കുന്നത്. ഈ ട്വീറ്റ് പിന്നീട് ട്വിറ്റർതന്നെ തടഞ്ഞുവെച്ചു. ബി.ജെ.പി ഭരിക്കുന്ന അസമിലെ കൊക്രജറിൽ ബി.ജെ.പി നേതാവ് അരൂപ് കുമാർ ദേയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സമുദായ വൈരം സംബന്ധിച്ച വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മേവാനിയുടെ അറസ്റ്റ് വിവരമറിഞ്ഞ് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് ജഗ്ദീഷ് തക്കറും മറ്റുനേതാക്കളും വിമാനത്താവളത്തിൽ കുതിച്ചെത്തിയെങ്കിലും വിമാനം പുറപ്പെട്ടിരുന്നു. ബി.ജെ.പി ഗവൺമെന്റിനെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയശേഷമാണ് നേതാക്കൾ മടങ്ങിയത്.
ദലിത് നേതാവായ മേവാനി ബനസ്കന്തയിലെ വഡ്ഗം മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എയാണ്. അടുത്തിടെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മേവാനിയുടെ അറസ്റ്റ് ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.