ജിഗ്നേഷ് മേവാനിക്ക് ജാമ്യം
text_fieldsഗുവാഹത്തി: വനിത പൊലീസ് കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട കേസിൽ ഗുജറാത്ത് സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. അസം കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 25നാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അന്നേ ദിവസം തന്നെ അറസ്റ്റിലായ മേവാനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
മേവാനിയെ ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നും കൊക്രജാറിലേക്ക് കൊണ്ടുവന്ന പൊലീസ് സംഘത്തിലെ അംഗമായിരുന്നു വനിത കോൺസ്റ്റബിൾ. യാത്രക്കിടെ മേവാനി തന്നോട് അസഭ്യം പറഞ്ഞെന്നും മോശമായ ആംഗ്യം കാണിച്ച് തന്നെ കാറിന്‍റെ സീറ്റിലേക്ക് തള്ളിയെന്നും കോൺസ്റ്റബിൾ ആരോപിച്ചതായി പൊലീസ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വനിത പൊലീസ് ഉദ്യോഗസ്ഥയെ കൈയ്യേറ്റം ചെയ്തുവെന്ന കേസിൽ ഗുജറാത്തിലെ പലൻപൂരിൽ നിന്നും മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
പൊതു സ്ഥലത്ത് അശ്ലീല പ്രവർത്തികളോ വാക്കുകളോ ഉപയോഗിക്കുക, ബലപ്രയോഗത്തിലൂടെ പൊലീസുകാരെ കൃത്യനിർവഹണത്തിൽ നിന്നും തടയുക, അതിക്രമം കാണിക്കുക തുടങ്ങിയ വകുപ്പുകളാണ് മേവാനിക്കെതിരെ ചുമത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.