കൊല്ലപ്പെട്ട ദലിതന്‍റെ വിഷയം ഉന്നയിച്ചു; ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് നിയമസഭയിൽനിന്ന് പുറത്താക്കി
text_fieldsഅഹ്മദാബാദ്: ദലിത് മധ്യവയസ്കൻ കൊല്ലപ്പെട്ട വിഷയം സ്പീക്കറുടെ അനുമതിയില്ലാതെ ഉന്നയിച്ചെന്ന് കാണിച്ച് ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിയെ നിയമസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. സ്പീക്കർ രാജേന്ദ്ര ത്രിവേദിയുടെ നിർദേശപ്രകാരമാണ് സഭയിൽനിന്ന് പുറത്താക്കിയത്. ഇതേ വിഷയം ഉന്നയിച്ചതിന് വ്യാഴാഴ്ചയും മേവാനിയെ നിയമസഭയിൽനിന്ന് പുറത്താക്കിയിരുന്നു.
ചോദ്യവേള അവസാനിച്ചയുടൻ, മാർച്ച് രണ്ടിന് പൊലീസുകാരന്‍റെ സാന്നിധ്യത്തിൽ ദലിത് മധ്യവയസ്കനെ ജനക്കൂട്ടം കൊലപ്പെടുത്തിയ വിഷയം പോസ്റ്റർ ഉയർത്തിക്കാട്ടി ഉന്നയിക്കുകയായിരുന്നു മേവാനി. 'പ്രതികളെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്' എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
ഭാവ്നഗറിലെ സനോദറിൽ താമസിക്കുന്ന അമ്രഭായ് ബോറിച്ച (50) എന്നയാളാണ് പൊലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ കൊല്ലപ്പെട്ടത്. മേവാനിയുടെ മൈക്ക് ഓഫ് ചെയ്തതോടെ അദ്ദേഹം ഒച്ചവെക്കാൻ തുടങ്ങി. എന്തുകൊണ്ട് ബി.ജെ.പി സർക്കാർ ഇതുവരെ പൊലീസുകാരനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം ഉറക്കെ ചോദിച്ചു.
ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിങ് ജഡേജക്ക് പൊലീസുകാരനുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അച്ചടക്കം പുലർത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. എന്തെങ്കിലും വിഷയം ഉന്നയിക്കണമെങ്കിൽ ആദ്യം തന്നോട് അനുമതി തേടണമെന്നും സ്പീക്കർ പറഞ്ഞു. വിഷയം വീണ്ടും ഉന്നയിച്ചതോടെ മേവാനിയെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.