ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിലായത് വനിത കോൺസ്റ്റബിളിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ
text_fieldsകൊക്രജാർ: ജാമ്യം ലഭിച്ചതിന് പിന്നാലെ ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിലായത് വനിത പൊലീസ് കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ. മേവാനിയെ ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നും കൊക്രജാറിലേക്ക് കൊണ്ടുവന്ന പൊലീസ് സംഘത്തിലെ അംഗമായിരുന്നു ഈ വനിത കോൺസ്റ്റബിൾ.
യാത്രക്കിടെ മേവാനി തന്നോട് അസഭ്യം പറഞ്ഞെന്നും മോശമായ ആംഗ്യം കാണിച്ച് തന്നെ കാറിന്‍റെ സീറ്റിലേക്ക് തള്ളിയെന്നും കോൺസ്റ്റബിൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു. പൊതു സ്ഥലത്ത് അശ്ലീല പ്രവർത്തികളോ വാക്കുകളോ ഉപയോഗിക്കുക, ബലപ്രയോഗത്തിലൂടെ പൊലീസുകാരെ കൃത്യനിർവഹണത്തിൽ നിന്നും തടയുക, അതിക്രമം കാണിക്കുക തുടങ്ങിയ വകുപ്പ് പ്രകാരമാണ് മേവാനിക്കെതിരെ ഏപ്രിൽ 21 ന് ബാർപേട്ട പൊലീസ് കേസെടുത്തത്.
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന്‍റെ പേരിൽ അറസ്റ്റിലായ മേവാനിക്ക് അസമിലെ കൊക്രജാർ കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഉടൻ തന്നെ വനിത കോൺസ്റ്റബിളിന്‍റെ പരാതിയിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു.
വളരെ ക്രൂരമായ നടപടിയാണിതെന്നും മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ വനിത കോൺസ്റ്റബിളിന്‍റെ പരാതിയെ കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മേവാനിയുടെ അഭിഭാഷകൻ ആരോപിച്ചു. ഇന്ന് ബാർപേട്ട കോടതിയിൽ മേവാനിയുടെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.