'ബി.ജെ.പിക്കെതിരായ ജിഹാദ് പ്രസ്താവന പിന്‍വലിക്കണം', മമതക്ക് കത്തയച്ച് ഗവർണർ
text_fieldsകൊൽക്കത്ത: ബി.ജെ.പിക്കെതിരായ 'ജിഹാദ്' പ്രസ്താവന പിന്‍വലിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ഗവർണർ ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു. ജൂലൈ 21 ബി.ജെ.പിക്കെതിരായ ജിഹാദ് ദിനമായി ആചരിക്കണമെന്നായിരുന്നു മമതയുടെ ആഹ്വാനം. പ്രസ്താവന പിന്‍വലിക്കാൻ ഗവര്‍ണര്‍ മമത ബാനര്‍ജിക്ക് കത്തയച്ചു.
എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്തരമൊരു പ്രസ്താവന നടത്താൻ കഴിയുന്നതെന്ന് ഗവർണർ കത്തില്‍ ചോദിച്ചു. പ്രസ്താവന ഏറ്റവും ദൗർഭാഗ്യകരമാണ്. ഭരണഘടനാപരമായ അരാജകത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവന ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും മരണമണിയാണെന്നും കത്തിൽ പറയുന്നു. അതേസമയം ഗവർണർ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് ടി.എം.സി വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചു.
ചൊവ്വാഴ്ചയാണ് അസൻസോളില്‍ നടന്ന പരിപാടിക്കിടെ മമത വിവാദ പ്രസ്താവന നടത്തിത്. ഇതിനെതിരെ ഭരണഘടനാപരമായ ഇടപെടൽ വേണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
1993ൽ മമത കോൺഗ്രസിലും ഇടതുമുന്നണി ഭരണത്തിലുമായിരുന്ന കാലത്ത് നടന്ന റാലിക്കിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 13 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സ്മരണക്കായി എല്ലാ വർഷവും ജൂലൈ 21 രക്തസാക്ഷി ദിനമായി ടി.എം.സി ആചരിക്കുന്നുണ്ട്. ഈ ദിനം ബി.ജെ.പിക്കെതിരായ ജിഹാദ് ആയി ആചരിക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.