ജിന്നക്കും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുണ്ടെന്ന് ഗോരഖ്പൂർ എം.പി
text_fieldsഗോരഖ്പൂർ: മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും പോലെ മുഹമ്മദലി ജിന്നക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുണ്ടെന്ന് ഗോരഖ്പൂർ എം.പി പ്രവീൺ നിഷാദ്. ബി.ജെ.പി ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്രുവിനെയും പോലെ ജിന്നയും സ്വാതന്ത്ര്യസമരത്തിന് സംഭാവന നൽകിയ വ്യക്തിയാണ്- നിഷാദ് പറഞ്ഞു. അലിഗഢ് സർവകലാശാലയിലെ മുഹമ്മദലി ജിന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളെ പോലെ സ്വാതന്ത്ര്യസമരത്തിൽ മുസ്ലിംകളും പങ്കെടുക്കുകയും അവരുടെ സംഭാവനകൾ ചരിത്രം രേഖപ്പെടുത്തുകയും ചെയ്തതാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയർത്തി ബി.ജെ.പി ജാതിയും മതവും അടിസ്ഥാനമാക്കി ജനങ്ങളെ വിഭജിക്കുകയാണ്. ശഹീദ് ഭഗത് സിങ്ങിനെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ രാജ്യത്തിന് വേണ്ടി ജീവിതമർപിച്ച അഷ്ഫാഖ് ഖാൻ, വീർ അബ്ദുൾ ഹമീദ് എന്നിവരെപ്പറ്റിയും ഒാർക്കും. എന്നാൽ ബി.ജെ.പി ജനങ്ങളിൽ നിന്നും അവരുടെ സംഭാവനയെ മറക്കാൻ ശ്രമിക്കുകയാണ്- അദ്ദേഹം വ്യക്തമാക്കി. ജിന്നാ വിവാദത്തെ തുർന്ന് അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര ഭുഷാൻ സിങ് ഇൻറർനെറ്റ് സേവനങ്ങൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
അലിഗഢ് സർവകലാശാല ക്യാമ്പസിൽ ജിന്നയുടെ ചിത്രം നിലനിൽക്കുന്നതിൽ വൈസ് ചാൻസലർ താരിഖ് മൻസൂറിനോട് വിശദീകരണം തേടി ബി.ജെ.പി എം.പി സതീഷ് ഗൗതമാണ് ആദ്യം വിവാദത്തിന് തിരികൊളുത്തിയത്. വ്യാഴാഴ്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.