തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്: ജനങ്ങളുടെ വിശ്വാസത്തിന്‍റെ കാര്യം, കുറ്റക്കാർക്കെതിരെ നടപടി -ജിതേന്ദ്ര സിങ്
text_fieldsന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമിക്കാൻ പശുവിന്‍റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചെന്ന വിവാദം കത്തിനിൽക്കവെ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങും. വിഷയം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ഇത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും ശ്രദ്ധയിൽ വിഷയം പെട്ടിട്ടുണ്ട്. ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടിയെടുക്കും. സങ്കൽപ്പിക്കാൻ പോലും കഴിയുന്ന കാര്യമല്ലിത്. എല്ലാ സമുദായത്തിനും അതീതമാണ് തിരുപ്പതി. ഇത് എല്ലാവരുടെയും വിശ്വാസം സംബന്ധിച്ച കാര്യമാണ്. ആ വിശ്വാസം വീണ്ടെടുക്കാൻ കൃത്യമായ തെളിവുകൾ സഹിതം നടപടിയെടുക്കും -മന്ത്രി പറഞ്ഞു.
നേരത്തെ, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആന്ധ്രപ്രദേശ് സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ നാഷനൽ ഡെയറി ഡെവലപ്മെന്റ് ബോർഡിന് കീഴിലെ സെന്‍റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് നടത്തിയ പരിശോധനയിൽ ലഡു നിർമിക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂണിൽ നായിഡു സർക്കാർ നടത്തിയ പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവിട്ടത്.
തുടർന്ന്, ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രൂക്ഷവിമർശനവുമായി രംഗത്തെത്തി. വൈ.എസ്.ആർ കോൺഗ്രസ് ഭരണകാലത്ത് ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നും ക്രിസ്ത്യാനിയായ ജഗൻ മോഹൻ റെഡ്ഡി ക്ഷേത്രാചാരങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും നായിഡു ആരോപിച്ചു. നായിഡു വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ജഗന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.