ജെജെ ലാൽപെഖ് ലുവ എം.എൽ.എ
text_fieldsഐസോൾ: ജെജെ ലാൽപെഖ് ലുവ എന്ന പേര് ഇന്ത്യൻ കായികലോകത്തിന് സുപരിചിതമാണ്. എതിരാളികളുടെ പ്രതിരോധകോട്ടകൾ തകർത്ത് ഗോൾ പോസ്റ്റിലേക്ക് പന്തുമായി കുതിച്ചിരുന്ന സ്ട്രൈക്കർ. സുനിൽ ഛേത്രി കഴിഞ്ഞാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഗോളുകൾ സ്കോർ ചെയ്ത സ്വദേശി താരം അകാലത്തിൽ സജീവ ഫുട്ബാളിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
മറ്റൊരു ദൗത്യനിർവഹണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് 32കാരനിപ്പോൾ. മിസോറമിൽ അധികാരത്തിലെത്തിയ സോറം പീപ്ൾസ് മൂവ്മെന്റ് പ്രതിനിധിയായി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു ജെജെ. ഇനി അദ്ദേഹം ജെജെ ലാൽപെഖ് ലുവ എം.എൽ.എ എന്നറിയപ്പെടും. കായികതാരങ്ങൾ രാഷ്ട്രീയത്തിലെത്തുന്നതിലും ജനപ്രതിനിധികളാകുന്നതിലും പുതുമയില്ലെങ്കിലും കളിക്കളത്തിൽ നിറഞ്ഞുനിൽക്കേണ്ട പ്രായത്തിലാണ് എം.എൽ.എയുടെ കുപ്പായം ജെജെ അണിയുന്നതെന്ന പ്രത്യേകതയുണ്ട്.
28ാം വയസ്സിലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. 30 വയസ്സ് തികയുന്നതിനുമുമ്പേ ഐ.എസ്.എല്ലിനോടും വിടപറഞ്ഞു. നിരന്തര പരിക്കുകളാണ് വിനയായത്. ഇതോടെ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനിറങ്ങി. സൗത്ത് ടുപുയി മണ്ഡലത്തിൽ ജെജെക്ക് നേരിടാനുണ്ടായിരുന്നത് കരുത്തരെ. സിറ്റിങ് എം.എൽ.എയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ മിസോ നാഷനൽ ഫ്രണ്ട് നേതാവ് ആർ. ലാൽതാംഗ്ലിയാനയായിരുന്നു പ്രധാന എതിരാളി. ജെജെക്ക് 5468ഉം ലാൽതാംഗ്ലിയാനക്ക് 5333ഉം വോട്ട് ലഭിച്ചു. 135 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഫുട്ബാളും രാഷ്ട്രീയവും തനിക്ക് ഒരുപോലെയാണെന്ന് തെരഞ്ഞെടുക്കപ്പെട്ടശേഷം ജെജെ പ്രതികരിച്ചു.
‘ഫുട്ബാളും ഒരുതരം രാഷ്ട്രീയമാണ്. ആദ്യ 11ൽ ഇടംപിടിക്കാൻ ഓരോരുത്തരും പോരാടുന്നു. കളിക്കുമ്പോൾ എതിരാളികളായ 11 പേരെയും വെട്ടിച്ച് ഗോളുകൾ നേടാനാവും ശ്രമം. രാഷ്ട്രീയത്തിലും ഇത് തന്നെയാണ് നടക്കുന്നത്. മൂന്ന് എതിരാളികളുണ്ടായിരുന്നു. അവർ വളരെ നല്ലവരാണ്. സമൂഹത്തിന് വേണ്ടി നന്നായി പ്രവർത്തിക്കുന്നവർ. അതിനാൽ വളരെ ബുദ്ധിമുട്ടായിരുന്നു.
പക്ഷേ, ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി പറയുന്നു. പദ്ധതികൾ തീരുമാനിക്കാൻ ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ഞാൻ ഇരിക്കും. എന്റെ കുട്ടിക്കാലവും കരിയറും ആരംഭിച്ചത് ഈ മണ്ഡലത്തിൽനിന്നാണ്. അതിനാൽ സൗത്ത് ടുപുയിക്ക് ഞാൻ എല്ലാം നൽകും. അവർക്ക് എന്ത് പ്രശ്നമുണ്ടാകുമ്പോഴും ഞാൻ ഓടിയെത്തും’-ജെജെ കൂട്ടിച്ചേർത്തു. ഐ ലീഗിലും ഐ.എസ്.എല്ലിലുമായി ഡെംപോ ഗോവ, മോഹൻബഗാൻ, ചെന്നൈയിൻ എഫ്.സി, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട് താരം. ഐ.എസ്.എല്ലിൽ 24 ഗോളുകൾ നേടി. ഇന്ത്യൻ സീനിയർ ടീമിനായി 56 അന്താരാഷ്ട്ര മത്സരങ്ങളിൽ 23 ഗോളും കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.