ജമ്മു-കശ്മീരിൽ 3 ലശ്കറെ ത്വയ്യിബ ഭീകരരെ സുരക്ഷസേന ഏറ്റുമുട്ടലിൽ വധിച്ചു
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ദർബ്ഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരരെ സുരക്ഷ സേന വധിച്ചു. ഫസിൽ നിസാർ ബട്ട്, ഇർഫാൻ അഹ്മാലിക്, ജുനൈദ് ഷിഗോരി എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ. മെയ് 13ന് പൊലീസ് ഒഫീസർ റെയാസ് അഹമ്മദിനെ വധിച്ചവരിൽ ഒരാളാണ് കൊല്ലപ്പെട്ട ജുനൈദ് ഷിഗോരി എന്ന് പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്നും തോക്കുകളും ആയുധങ്ങളും കണ്ടെത്തിയതായി കശ്മീർ ഐ.ജി പി. വിജയ് കുമാർ പറഞ്ഞു. കശ്മീരിൽ ഒരുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. തെക്കൻ കശ്മീരിലെ കുൽഗാമിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ൽ മുജാഹദീൻ ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു. മരിച്ച ഭീകരൻ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പടെ നിരവധികേസുകളിലെ പ്രതിയാണ്.
ശനിയാഴ്ച ജമ്മു കശ്മീർ പൊലീസ് ബാരാമുല്ലയിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിത സംഘടനയായ ലശ്കറെ ത്വയ്യിബയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കശ്മീരിൽ ഭീകരാക്രമണം വർധിച്ചതോടെ സുരക്ഷാ സേന ഭീകരെ നേരിടാൻ പദ്ധതികൾ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.