തങ്ങളുടെ നിയന്ത്രണങ്ങൾ നീക്കിയെന്ന് ജമ്മുവിലെ നേതാക്കൾ
text_fieldsജമ്മു: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് വീട്ടു തടങ്കലിലായിരുന്ന തങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ നീക്കിയെന്ന് പൊലീസ് അറിയിച്ചതായി ജമ്മുവിലെ ബി.ജെ.പി ഇതര പാർട്ടികളുടെ നേതാക്കൾ പ്രസ്താവിച്ചു. അതേസമയം, ഇവർക്കുമേൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ സ്വയം തടവിലാവുകയായിരുന്നുവെന്നും ജമ്മു ഡിവിഷനൽ കമീഷണർ സഞ്ജീവ് വർമ പറഞ്ഞു.
370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് മുൻ മന്ത്രിമാരും നിയമസഭ സാമാജികരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേരെ അധികൃതർ വീട്ടുതടങ്കലിലാക്കിയിരുന്നു. തങ്ങളെ സ്വതന്ത്രരാക്കിയെന്നും എവിടേക്ക് യാത്ര ചെയ്യാനും അനുമതി നൽകിയെന്നും കഴിഞ്ഞദിവസം സ്റ്റേഷൻ ഓഫിസർ അറിയിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രംനാൻ ഭല്ല പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കിയെന്നും രാഷ്ട്രീയ പ്രവർത്തനം നടത്താമെന്നും തന്നോട് പൊലീസ് പറഞ്ഞതായി നാഷനൽ കോൺഫറൻസ് നേതാവ് ദേവേന്ദ്ര സിങ് റാണ വെളിപ്പെടുത്തി. ജാവദ് റാണ, എസ്.എസ്. സലാത്തിയ, സജ്ജാദ് കിച്ച്ലു എന്നീ എൻ.സി നേതാക്കളും കോൺഗ്രസിെൻറ വികാർ റസൂലും ജമ്മു-കശ്മീർ നാഷനൽ പാന്തേഴ്സ് പാർട്ടിയുടെ ഹർഷ്ദേവ് സിങ്ങും സമാന പ്രസ്താവനയുമായി രംഗത്തുവന്നു.
അതേസമയം, ദേവേന്ദർ സിങ് റാണ സെപ്റ്റംബർ 29ന് പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നതായി ഡിവിഷനൽ കമീഷണർ സഞ്ജീവ് വർമ പറഞ്ഞു. വീട്ടു തടങ്കലിലായിരുന്നെങ്കിൽ ഇതെങ്ങനെ സാധ്യമാകുമെന്നായിരുന്നു അദ്ദേഹത്തിെൻറ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.