ജമ്മു-കശ്മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ഗവർണർ സത്യപാൽ സിങ് നിയമസഭ പിരിച്ചുവിട്ടു. മുൻമുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി കോൺഗ്രസിെൻറയും നാഷനൽ കോൺഫറൻസിെൻറയും പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ചതിനു പിന്നാലെ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും സർക്കാറിന് അവകാശവാദം ഉന്നയിച്ചതോടെയാണ് ഗവർണറുടെ ഭാഗത്തുനിന്ന് നാടകീയ നീക്കമുണ്ടായത്. ഭരണഘടന വകുപ്പുകൾപ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നിയമസഭ പിരിച്ചുവിടുന്നതെന്ന് ഗവർണർ ഒൗദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതോടെ ഡിസംബർ 18 വരെയുള്ള ഗവർണർ ഭരണത്തിെൻറ കാലാവധി അവസാനിച്ചാൽ സംസ്ഥാനത്ത് കേന്ദ്രഭരണം നിലവിൽവരും.
ജൂൺ 19നാണ് ഗവർണർഭരണം നിലവിൽവന്നത്. ബി.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് മെഹബൂബ മുഫ്തിസർക്കാർ രാജിെവച്ചത്. അതേസമയം, നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത നടപടിയാണ് ഗവർണർ കൈകൊണ്ടതെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. ബി.ജെ.പിയുടെ ഏകാധിപത്യമാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
നിയമസഭ പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസും പി.ഡി.പിയും നാഷനൽ കോൺഫറൻസും വ്യക്തമാക്കി. ഗവർണർ നടപ്പാക്കിയത് ബി.ജെ.പിയുടെ സ്വേച്ഛാധിപത്യ നയമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കശ്മീരിൽ സുസ്ഥിര ഭരണം സാധ്യമല്ലെന്നിരിക്കെ എത്രയുംവേഗം തെരഞ്ഞെടുപ്പ് നടത്തുകയാണ് പോംവഴിയെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു.
സർക്കാർ രൂപീകരിക്കാൻ ആവശ്യമുന്നയിച്ച് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് ട്വിറ്ററിൽ കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെയാണ് നിയമസഭ പിരിച്ചുവിട്ടത്.
Have been trying to send this letter to Rajbhavan. Strangely the fax is not received. Tried to contact HE Governor on phone. Not available. Hope you see it @jandkgovernor pic.twitter.com/wpsMx6HTa8
— Mehbooba Mufti (@MehboobaMufti) November 21, 2018
നേരത്തെ സർക്കാർ രൂപീകരണത്തിന് ശേഷം പി.ഡി.പിയുടെ മുതിർന്ന നേതാവ് അൽതാഫ് ബുഖാരി മുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ടായിരുന്നു. മുൻ ധനമന്ത്രിയായിരുന്ന ബുഖാരി, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് നാമനിർദേശ അംഗങ്ങൾ അടക്കം 89 പ്രതിനിധികളുള്ള ജമ്മു കശ്മീർ നിയമസഭയിൽ പി.ഡി.പിക്ക് 28 അംഗങ്ങളാണുള്ളത്. നാഷണൽ കോൺഫറൻസ്-15, കോൺഗ്രസ്- 12, ജെ.കെ.പി.സി-2, സി.പി.എം, ജെ.കെ.പി.ഡി.എഫ് എന്നിവർക്ക് ഒന്ന് വീതം, മൂന്ന് സ്വതന്ത്രർ എന്നിവരാണ് മറ്റ് അംഗങ്ങൾ. പി.ഡി.പിയുടെ 28ഉം നാഷണൽ കോൺഫറൻസിന്‍റെ 15ഉം കോൺഗ്രസിന്‍റെ 12ഉം അംഗങ്ങൾ യോജിച്ചാൽ 87 അംഗ നിയമസഭയിൽ ഭൂരിപക്ഷമായ 44 തികക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.