ബി.ജെ.പിയുടെ കടുത്ത എതിർപ്പിനിടെ 370ാം വകുപ്പ് പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി ജമ്മുകശ്മീർ സർക്കാർ
text_fieldsശ്രീനഗർ: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബി.ജെ.പിയുടെ കടുത്ത എതിർപ്പിനിടെയാണ് പ്രമേയം പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്. നാഷനൽ കോൺഫറൻസ് നേതാവും മന്ത്രിയുമായ സക്കീന മസൂദ് പ്രമേയത്തെ പിന്തുണച്ചു. സഭ സമ്മേളനത്തിന്റെ മൂന്നാം ദിവസമാണ് സർക്കാർ പ്രമേയം അവതരിപ്പിച്ചത്.
സഭയിലെ പ്രതിപക്ഷ നേതാവ് ബി.ജെ.പി നേതാവ് സുനിൽ ശർമ പ്രമേയത്തെ ശക്തമായി എതിർത്തു. ജമ്മുകശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വവും സംസ്‌കാരവും അവകാശങ്ങളും സംരക്ഷിക്കുകയും ഏകപക്ഷീയമായി നീക്കം ചെയ്യുന്നതിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രത്യേകവും ഭരണഘടനാപരവുമായ ഉറപ്പുകളുടെ പ്രാധാന്യം നിയമസഭ വീണ്ടും ഉറപ്പിക്കുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സ്വതന്ത്ര എം.എൽ.എമാരായ ശൈഖ് ഖുർഷിദ് അഹമ്മദ്, ഷബീർ അഹമ്മദ്, പീപ്പിൾസ് കോൺഫറൻസിന്റെ സജാദ് ലോണും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മൂന്ന് എം.എൽ.എമാരും പ്രമേയത്തെ പിന്തുണച്ചു. തുടർന്ന് സ്പീക്കർ അബ്ദുൽ റഹീം റാഥർ പ്രമേയം വോട്ടിനിടുകയും ഭൂരിപക്ഷത്തോടെ പാസാക്കുകയുമായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ സ്പീക്കർ 15 മിനിറ്റ് നിർത്തിവെച്ചു. 2019 ആഗസ്റ്റിലാണ് 370ാം വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. അതിനു പിന്നാലെ കേന്ദ്രസർക്കാറിന്റെ നടപടി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.