ജനം ബാലറ്റിലൂടെ മറുപടി നൽകി -മീർ വാഇസ് ഫാറൂഖ്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ 2019 ആഗസ്റ്റിൽ നടത്തിയ ഏകപക്ഷീയ മാറ്റങ്ങൾക്ക് ജനം ബാലറ്റിലൂടെ മറുപടി നൽകിയെന്ന് ഹുർറിയത് കോൺഫറൻസ് ചെയർമാൻ മീർ വാഇസ് ഉമർ ഫാറൂഖ് പറഞ്ഞു.
പുതിയ സർക്കാർ ജനവികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. 2019ൽ എടുത്തുകളഞ്ഞ നിയമപരമായ സംരക്ഷണങ്ങളും അവകാശങ്ങളും പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നിറവേറ്റണം. ഭൂമിയുടെയും വിഭവങ്ങളുടെയും ഉടമസ്ഥാവകാശം, ഭരണഘടനപരമായ പ്രതിബദ്ധത, അന്തസ്സ് എന്നിവ തുരങ്കംവെക്കുന്ന നടപടികളാണ് 2019ൽ ഉണ്ടായതെന്ന് ശ്രീനഗറിലെ ജാമിഅ പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നേതാക്കളും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും യു.എ.പി.എ ഉൾപ്പെടെ കരിനിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
സർക്കാർ രൂപവത്കരണം: ഉമർ അബ്ദുല്ല ഗവർണറെ കണ്ടു
ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ നാഷനൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യം സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കണ്ടു. നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല പിന്തുണ അറിയിച്ചുള്ള സഖ്യകക്ഷികളുടെ കത്ത് ഗവർണർക്ക് കൈമാറി.
പാർട്ടി നിയമസഭ കക്ഷി വ്യാഴാഴ്ച ഏകപക്ഷീയ പിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹം രണ്ടാംതവണ മുഖ്യമന്ത്രിയാകുമെന്ന് ഏറക്കുറെ ഉറപ്പായി. 2009 -2014 കാലയളവിലാണ് അദ്ദേഹം എൻ.സി -കോൺഗ്രസ് സഖ്യ സർക്കാറിൽ മുഖ്യമന്ത്രിയായത്.
90 അംഗ നിയമസഭയിൽ നാഷനൽ കോൺഫറൻസ് 42 സീറ്റിൽ വിജയിച്ചിരുന്നു. കോൺഗ്രസിന് ആറ് സീറ്റുണ്ട്. നാലു സ്വതന്ത്രരുടെയും ആപ് എം.എൽ.എയുടെയും പിന്തുണയും നാഷനൽ കോൺഫറൻസിനുണ്ട്. സത്യപ്രതിജ്ഞക്ക് വേഗം തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടതായി ഉമർ അബ്ദുല്ല പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.