കശ്മീരിൽ ഗർഭിണിയുടെ മൃതദേഹം റോഡിലൂടെ സ്ട്രെച്ചറിൽ ചുമന്ന് കുടുംബം -VIDEO
text_fieldsഅനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഗർഭിണിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോയത് സ്ട്രെച്ചറിൽ. ആംബുലൻസ് നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെ തുടർന്നാണിതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പുതപ്പിൽ പൊതിഞ്ഞ മൃതദേഹവുമായി സ്ട്രച്ചർ തള്ളി ശൂന്യമായ റോഡിലൂടെ പോകുന്ന കുടുംബത്തിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപേർ പങ്കുവെച്ചു.
ഡോക്ടർമാരുടെ അശ്രദ്ധയാണ് മരണകാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഒരു ഡോക്ടറെയും നഴ്സിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും അധികൃതർ പറഞ്ഞു.കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പലയിടത്തും ആളുകൾ പ്രതിഷേധം തുടങ്ങി.
It seems COVID paranoia is seriously impairing our health system for critical care and maternity in Kashmir. In last 10 days, this is second death of a pregnant woman in Anantnag due to medical negligence. pic.twitter.com/EyS3DG56za
— Nazir Masoodi (@nazir_masoodi) May 4, 2020
തെക്കേ കശ്മീർ ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അധികൃതരുടെ അനാസ്ഥ മൂലം ഗർഭിണി മരിക്കുന്ന രണ്ടാമത്തെ കേസാണിത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ പ്രദേശിക ആശുപത്രിയിൽ നിന്ന് വലിയ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. തുടർന്ന് അനന്ത്നാഗിലെ മെറ്റേണിറ്റി ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റലിലേക്ക് (എംസിസിഎച്ച്) മാറ്റുകയായിരുന്നു. രണ്ട് ആശുപത്രികളിലും ചികിത്സ വൈകിയതായി കുടുംബം ആരോപിച്ചു.
അതേസമയം, കോവിഡ് പരിശോധനയ്ക്ക് സാമ്പിൾ എടുക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഭയന്നാണ് കുടുംബം ഇടപെട്ട് മൃതദേഹം വേഗം കൊണ്ടുപോയതെന്ന് അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ബഷീർ അഹ്മദ് ദർ പറഞ്ഞു. പ്രാഥമിക വിവരം ഇതാണെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും ദർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞയാഴ്ച ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ യുവതിയും ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. കോവിഡ് ബാധിത മേഖലയിൽ നിന്ന് വന്ന ഇവർക്ക് വൈദ്യസഹായം നിഷേധിച്ചതായി ആരോപണം ഉയർന്നിരുന്നു. മരണപ്പെട്ട് ഒരു ദിവസത്തിനുശേഷം ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തോട് അനാദരവുകാണിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.