ജമ്മുകശ്മീരിൽ അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ലഫ്. ഗവർണറുടെ തിരക്കിട്ട നീക്കം; എതിർപ്പുമായി ഇൻഡ്യ സഖ്യം
text_fieldsശ്രീനഗർ: ഒക്ടോബർ എട്ടിനാണ് ജമ്മുകശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിടുമെന്നാണ് പ്രവചിക്കുന്നത്. വോട്ടെണ്ണലിന് തൊട്ടുമുമ്പായി അഞ്ച് എം.എൽ.എമാരെ സഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തിരക്കിട്ട് നീക്കം നടത്തുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
നാമനിർദേശം ചെയ്യപ്പെട്ടവർക്ക് സഭയിൽ വോട്ടവകാശം കൂടി അനുവദിച്ച് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ലഫ്. ഗവർണർ നടത്തുന്നതെന്ന് ഇൻഡ്യ സഖ്യവും പി.ഡി.പിയും ആരോപിച്ചു. ഇതിനെതിരെ നിയമനടപടിയുൾപ്പെടെ സ്വീകരിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ തീരുമാനം. എന്നാൽ സംഭവത്തിൽ ബി.ജെ.പിയും ലഫ്. ഗവർണറുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.
നിയമസഭയിലേക്കുള്ള വനിതാപ്രാതിനിധ്യം പര്യാപ്തമല്ലെന്നു തോന്നിയാൽ രണ്ട് അംഗങ്ങളെ ലഫ്. ഗവർണർക്ക് നാമനിർദേശം ചെയ്യാമെന്നു ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിക്കൊണ്ടുള്ള 2019 ലെ പുനഃസംഘടനാ നിയമത്തിൽ (ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ നിയമം) വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം ജൂലൈയിൽ അവതരിപ്പിച്ച ഭേദഗതിയുടെ ചുവടുപിടിച്ച് മൂന്ന് അംഗങ്ങളെ കൂടി നാമനിർദേശം ചെയ്യാനാണ് ഗവർണറുടെ നീക്കം. ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് കശ്മീരി പണ്ഡിറ്റുകൾ, പാക് അധിനിവേശ കശ്മീരിൽ നിന്ന് പലായനം ചെയ്തവരിൽ നിന്ന് ഒരാൾ എന്നിങ്ങനെ മൂന്നുപേരെയാണ് നാമനിർദേശം ചെയ്യുക. അങ്ങനെ വന്നാൽ, 90 എം.എൽ.എമാർക്കു പുറമെ കേന്ദ്ര താൽപര്യ പ്രകാരം അഞ്ചുപേർ കൂടി നിയമസഭയിൽ അധികമായെത്തും. എന്നാൽ നാമനിർദേശം ചെയ്യുന്നവർക്ക് വോട്ടവകാശം ലഭിച്ചാൽ സഭയുടെ അംഗബലം 95 ആകും. അത് ബി.ജെ.പിക്ക് വലിയ മുതൽക്കൂട്ടാകും. 48 അംഗങ്ങളുടെ പിൻബലമുണ്ടെങ്കിൽ കേവല ഭൂരിപക്ഷം ലഭിക്കും. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ 43 പേരുടെ പിന്തുണ ലഭിച്ചാൽ എളുപ്പത്തിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാനും സാധിക്കും. ഇതാണ് ഇൻഡ്യ സഖ്യം ശക്തമായി എതിർക്കുന്നത്.
സർക്കാർ രൂപവത്കരിക്കുന്നതിന് മുമ്പായി അഞ്ചു എം.എൽ.എമാരെ നാമനിർദേശം ചെയ്യാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് ജമ്മുകശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് രവീന്ദർ ശർമ വ്യക്തമാക്കി. സർക്കാർ രൂപവത്കരിച്ച ശേഷം മന്ത്രിമാരുടെ ശിപാർശയനുസരിച്ച് ഇത്തരമൊരു നടപടിക്ക് സാധുതയുള്ളൂ. അല്ലാത്ത പക്ഷം അത് ജനാധിപത്യത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.