പ്രത്യേക പദവി പുന:സ്ഥാപിക്കാൻ ഒറ്റക്കെട്ടായി പോരാടും; വൈരം മറന്ന് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് പുന:സ്ഥാപിക്കാനായി കൈകോർത്ത് ചിരവൈരികളായ രാഷ്ട്രീയ പാർട്ടികൾ. പ്രത്യേക പദവി റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് നിർണായക രാഷ്ട്രീയ നീക്കത്തിലൂടെ പാർട്ടികൾ ഒരേ മുന്നണിയിൽ അണിചേരുന്നത്.
പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള 2019 ആഗസ്റ്റ് അഞ്ചിലെ തീരുമാനം ജമ്മു കശ്മീരും കേന്ദ്രവും തമ്മിലുള്ള ബന്ധത്തെ മാറ്റിമറിച്ചതായി പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നാഷണൽ കോൺഫറൻസ്, പി.ഡി.പി, പീപ്പിൾസ് കോൺഫറൻസ്, സി.പി.എം, കോൺഗ്രസ്, അവാമി നാഷണൽ കോൺഫറൻസ് എന്നിവയാണ് സംയുക്ത പ്രസ്താവനയിറക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഉറപ്പുനൽകിയിരുന്നത് പ്രകാരം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുന:സ്ഥാപിക്കാനായി ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ഭരണഘടനാപരമായുള്ള പ്രത്യേക പദവി ഇല്ലാതാക്കാനുള്ള ഏതൊരു നീക്കത്തെയും നേരിടുമെന്ന് കോൺഗ്രസും പ്രാദേശിക കക്ഷികളും ചേർന്ന് പ്രഖ്യാപിച്ച 2019 ആഗസ്റ്റ് നാലിലെ ഗുപ്കാർ പ്രതിജ്ഞക്കായി നിലകൊള്ളുമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, കോൺഗ്രസിന് ഇതിൽ രണ്ടാമതൊരു അഭിപ്രായമുള്ളതായും സൂചനയുണ്ട്. ഗുപ്കാർ പ്രതിജ്ഞയിൽ തങ്ങളുടെ പ്രതിനിധിയും ഒപ്പിട്ടതാണെന്നും എന്നാൽ അതിന് ശേഷം നിരവധി മാറ്റങ്ങൾ സംഭവിച്ചുവെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജി.എ. മിർ പറഞ്ഞു. സംസ്ഥാന പദവി തിരിച്ചുനൽകാൻ ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ സുപ്രീംകോടതി വിധി വരുംവരെ കാത്തിരിക്കണം -അദ്ദേഹം പറഞ്ഞു.
വളരെ രഹസ്യമായും ആസൂത്രിതവുമായാണ് പ്രാദേശിക കക്ഷികൾ ധാരണയിലെത്തി സംയുക്ത പ്രസ്താവനയിറക്കിയത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി നേതാക്കൾ പരസ്പരം സംസാരിക്കുകയും ചിലർ തമ്മിൽ കാണുകയും ചെയ്തതായാണ് വിവരം.
ഇപ്പോഴും തടങ്കലിൽ തുടരുന്ന മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്‍റെ പ്രധാന രാഷ്ട്രീയ എതിരാളിയായ ഫാറൂഖ് അബ്ദുല്ലയെ ട്വീറ്റിൽ അഭിനനന്ദിച്ചു. അവകാശങ്ങൾക്കായി പോരാടാൻ രാഷ്ട്രീയ കക്ഷികളെ ഒരുമിച്ച് കൊണ്ടുവന്നതിനാണ് അഭിനന്ദനം.
ഒറ്റക്കെട്ടായി മുന്നേറുക മാത്രമാണ് ഒരേയൊരു മാർഗമെന്ന് പീപ്പിൾസ് കോൺഫറൻസ് അധ്യക്ഷൻ സജ്ജാദ് ഗനി ലോൺ ട്വീറ്റ് ചെയ്തു. വളരെ സന്തുഷ്ടിയുള്ള ദിവസമാണിന്ന്. ഇത് അധികാരത്തിന്‍റെ കാര്യമല്ല. അവകാശം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ്. ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, തരിഗാമി എന്നിവർക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തോളം നീണ്ട തടങ്കൽ ജീവിതത്തിന് ശേഷം ആഗസ്റ്റ് ഒന്നിനാണ് സജ്ജാദ് ഗനി ലോൺ ജയിൽ മോചിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.