ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയില്ലെങ്കിൽ രാഷ്ട്രീയ കക്ഷികൾക്ക് വിശ്വാസ്യത നഷ്ടമാകും -ഇൽതിജ മുഫ്തി
text_fieldsന്യൂഡൽഹി: ജനങ്ങളുടെ അവകാശങ്ങളും ആർട്ടിക്കിൾ 370ഉം പുന:സ്ഥാപിക്കാനായി പോരാടിയില്ലെങ്കിൽ ജമ്മു കശ്മീരിലെ രാഷ്ട്രീയ കക്ഷികൾക്ക് വിശ്വാസ്യത നഷ്ടമാകുമെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. ആർട്ടിക്കിൾ 370ഉം 35എയും ഉൾപ്പെടെ ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം പുന:സ്ഥാപിക്കുകയെന്ന ആവശ്യത്തിൽനിന്ന് പി.ഡി.പി പിറകോട്ടുപോകില്ലെന്നും ഇൽതിജ ഇന്ത്യ ടുഡേ ടി.വിയോട് പറഞ്ഞു. ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കി കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിന് ആഗസ്റ്റ് അഞ്ചിന് ഒരു വർഷം തികയുകയാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതു മുതൽ കശ്മീരിലെ സാഹചര്യം വഷളായതായി ഇൽതിജ പറഞ്ഞു. ഒരു വർഷമായി കശ്മീരിൽ വർധനവുണ്ടായിട്ടുള്ളത് സൈനികരുടെയും ബാരിക്കേഡുകളുടെയും എണ്ണത്തിൽ മാത്രമാണ്. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുകയാണ്. തമാശ പറഞ്ഞാൽ പോലും യു.എ.പി.എ ചുമത്തുന്ന സാഹചര്യമാണുള്ളത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതികരിക്കാത്തത് അവരുടെ വിശ്വാസ്യതയെ തകർക്കും.
ഒരു വർഷമായി തടവിൽ തുടരുന്ന തന്‍റെ മാതാവ് മെഹ്ബൂബ മുഫ്തിയെ എന്തുകൊണ്ടാണ് മോചിപ്പിക്കാത്തതെന്നും ഇൽതിജ ചോദിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 2019 ആഗസ്റ്റ് അഞ്ച് മുതൽ മെഹ്ബൂബ തടവിലാണ്. ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട മെഹ്ബൂബയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര സർക്കാർ നീട്ടിയിരിക്കുകയാണ്.
നരേന്ദ്ര മോദി അയോധ്യ സന്ദർശിക്കുന്നത് രാജ്യം നേരിടുന്ന നിരവധിയായ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും ഇൽതിജ പറഞ്ഞു. കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തങ്ങളെ ദ്രോഹിച്ചെങ്കിലും അദ്ദേഹത്തിന് ഉടൻ രോഗമുക്തിയുണ്ടാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇൽതിജ മുഫ്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.