കശ്മീരിൽ എസ്.എം.എസ് സേവനം പുന:സ്ഥാപിച്ചു; സർക്കാർ ആശുപത്രികളിൽ ഇൻറർനെറ്റ്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് നിർത്തലാക്കിയ മൊബൈൽ എസ്.എം.എസ് സേവനം അഞ്ചുമാസത്തിന് ശേഷം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പുന:സ്ഥാപിച്ചു. സർക്കാർ ആശുപത്രികളിൽ ഇൻറർനെറ്റ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ എസ്.എം.എസ് സേവനം പൂർണ്ണമായും പുന:സ്ഥാപിക്കുന്നതിനൊപ്പം എല്ലാ സർക്കാർ ആശുപത്രികളിലെയും ഇൻറർനെറ്റ് പുന:സ്ഥാപിക്കാൻ തീരുമാനിച്ചതായി ജമ്മു കശ്മീർ ഭരണകൂട വക്താവ് രോഹിത് കൻസാൽ പറഞ്ഞു. അതേസമയം കശ്മീരിലെ ഇൻറർനെറ്റ്, പ്രീ-പെയ്ഡ് മൊബൈൽ സേവനങ്ങൾ ഇനിയും പുന:സ്ഥാപിച്ചിട്ടില്ല. ഒരു ജനാധിപത്യ രാജ്യത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇൻറർനെറ്റ് റദ്ദാക്കലിനാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
“സാവധാനത്തിലാണെങ്കിലും സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുകയാണ്- ജമ്മു കശ്മീർ കേന്ദ്രഭരണത്തിലെ ആസൂത്രണം, വികസനം, നിരീക്ഷണം എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ കൻസാൽ പറഞ്ഞു.
നിലവിൽ വിവിധ ഇൻറർനെറ്റ് ടച്ച് പോയിൻറുകളിലൂടെ വിദ്യാർത്ഥികൾക്കും കരാറുകാർക്കും ടൂർ ഓപ്പറേറ്റർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സൗകര്യമൊരുക്കുന്നുണ്ടെന്ന് കൻസാൽ പറഞ്ഞു. കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിവിധ ജില്ലകളിലുമായി 900ഓളം ടച്ച് പോയിൻറുകളും പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്. ആറ് ലക്ഷത്തോളം പേർ ഈ ടച്ച് പോയിൻറുകൾ പ്രയോജനപ്പെടുത്തിയെന്നും വക്താവ് പറഞ്ഞു.
ആഗസ്റ്റ് 5 മുതൽ തടങ്കലിൽ കഴിയുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ ശ്രീനഗറിലെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് തിങ്കളാഴ്ച വിട്ടയച്ചു. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർ ഇപ്പോഴും തടങ്കലിലാണ്. ക്രമസമാധാന സാഹചര്യം അടിസ്ഥാനമാക്കിയായിരിക്കും ഇവരെ മോചിപ്പിക്കുന്നതെന്ന് രോഹിത് കൻസാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.