കേന്ദ്രം അതിസാഹസത്തിന് ഒരുങ്ങുന്നുവെന്ന് സംശയം –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ചില അതിസാഹസങ്ങൾക്ക് ഒരുങ്ങുന്നുവെന്ന് സംശയിക്കുന്നതായി മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ഭരണഘടനയുടെ 370, 35-എ വകുപ്പുകളിൽ കേന്ദ്രം കൈവെക്കാൻ ഒരുങ്ങുന്നുവെന്ന സൂചനയും എ.െഎ.സി.സി ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിൽ ചിദംബരം നൽകി.
ഒന്നുരണ്ടു ദിവസമായി ആഭ്യന്തര മന്ത്രാലയം വലിയ ചില ഒരുക്കങ്ങളിലാണെന്ന് അറിയാൻ കഴിഞ്ഞുവെന്ന് ചിദംബരം പറഞ്ഞു. എന്നാൽ, അത്തരത്തിലുള്ള ഒാരോ നീക്കത്തിനും രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ചിദംബരം സർക്കാറിന് മുന്നറിയിപ്പു നൽകി. കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടന വിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പാർലമെൻറ് സമ്മേളിക്കുന്ന സമയമാണെന്നും സർക്കാർ ഒാർക്കണം.
ഭരണഘടനയെക്കുറിച്ച് തെറ്റായ ധാരണകൾ വെച്ചുകൊണ്ടാണ് ഇൗ സർക്കാർ മുന്നോട്ടുപോകുന്നത്. അതിലെ ചില വ്യവസ്ഥകൾ അടിസ്ഥാനപരമാണ്. അത് മാറ്റാൻ കഴിയില്ല. 370ാം വകുപ്പും മറ്റും അത്തരത്തിലുള്ളതാണ്. ചില ഭരണഘടന വ്യവസ്ഥകളിൽ കൂട്ടിച്ചേർക്കൽ നടത്താമെന്നല്ലാതെ എടുത്തുമാറ്റാൻ പറ്റില്ല. നാഗാലാൻഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇത്തരത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഒഴിവാക്കലുകൾ സാധ്യമല്ല -ചിദംബരം പറഞ്ഞു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ജമ്മു-കശ്മീരിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി അംബിക സോണി, രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ, ഡോ. കരൺസിങ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.