ഝാർഖണ്ഡ്: എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റാനുള്ള വിമാനം റദ്ദാക്കി; ചംപായ് സോറനെ ഗവർണർ ഇതുവരെ ക്ഷണിച്ചില്ല
text_fieldsറാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറന്റെ അറസ്റ്റിനെയും രാജിയെയും തുടർന്ന് ഝാർഖണ്ഡിൽ അനിശ്ചിതത്വം. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഗതാഗത മന്ത്രി ചംപായ് സോറൻ 43 എം.എൽ.എമാരുടെ പിന്തുണക്കത്തുമായി രാജ്‍ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണനെ കണ്ടെങ്കിലും രാത്രി വൈകിയും സർക്കാർ രൂപവത്കരണത്തിന് ക്ഷണം ലഭിച്ചില്ല.
അതിനിടെ, എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതായി സംശയം ഉയർന്നതിനെ തുടർന്ന് അവരെ ഹൈദരാബാദിലേക്ക് വിമാനത്തിൽ മാറ്റാനുള്ള ശ്രമവും തടസ്സപ്പെട്ടു. മോശം കാലാവസ്ഥയാണെന്ന് പറഞ്ഞ് രണ്ട് ചാർട്ടേഡ് വിമാനങ്ങൾക്കും വ്യോമയാന മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.
ഇ.ഡി ചോദ്യംചെയ്തതിന് പിന്നാലെ ബുധനാഴ്ച രാത്രി 8.45ന് രാജ്‍ഭവനിലെത്തി ഹേമന്ത് സോറൻ രാജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ചംപായ് സോറനെ നേതാവായി തെരഞ്ഞെടുത്ത് ഗവർണർക്ക് കത്ത് കൈമാറിയിട്ടും തീരുമാനമെടുക്കാൻ വൈകുന്നതിൽ ചംപായ് സോറനും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ഠാകുറും പ്രതിഷേധിച്ചു. 18 മണിക്കൂറിലധികമായി സംസ്ഥാനത്ത് സർക്കാറില്ലെന്നും ഗവർണർ ഉറക്കത്തിലാണെന്നും ചംപായ് സോറൻ ആരോപിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഗവർണറെ കാണാൻ ചംപായ് സോറൻ വീണ്ടും അനുമതി തേടി. 5.30ന് കൂടിക്കാഴ്ചക്ക് ഗവർണർ സമയം നൽകി. അഞ്ച് എം.എൽ.എമാരോടൊപ്പം രാജ്‍ഭവനിലെത്തിയ ചംപായ് സോറൻ 43 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ട് ഗവർണറെ 49 സെക്കൻഡ് വിഡിയോ കാണിച്ചു. 47 പേരുടെ വരെ പിന്തുണ ലഭിക്കുമെന്നും എം.എൽ.എമാരെല്ലാം സർക്കാർ ഗെസ്റ്റ് ഹൗസിലുണ്ടെന്നും അറിയിച്ചു. ഉടൻ തീരുമാനമെടുക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയതിനെ തുടർന്ന് ഇവർ മടങ്ങി.
എന്നാൽ, രാത്രി വൈകിയും സർക്കാർ രൂപവത്കരണ ക്ഷണം ലഭിച്ചില്ല. ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയത്.
എല്ലാം ആസൂത്രിതം, ഒരു തെളിവും കണ്ടെത്താനായില്ല -ഹേമന്ത് സോറൻ
റാഞ്ചി: പാവപ്പെട്ടവരെയും ദലിതരെയും ആദിവാസികളെയും അടിച്ചമർത്തുന്ന വ്യവസ്ഥിതിക്കെതിരെ പോരാട്ടം ആരംഭിക്കാൻ സമയമായെന്ന് ഇ.ഡി അറസ്റ്റ്ചെയ്ത ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അറസ്റ്റ് ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ വഴങ്ങിക്കൊടുക്കില്ല. ആത്യന്തികമാായി സത്യം വിജയിക്കും’’. ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വിഡിയോ സന്ദേശത്തിൽ സോറൻ തുടർന്നു. വ്യാഴാഴ്ചയാണ് ഇത് പുറത്തുവിട്ടത്. ‘‘എല്ലാം ആസൂത്രിതമായിരുന്നു. ദിവസം മുഴുവൻ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അവർ എനിക്കെതിരെ ഗൂഢാലോചന നടത്തി. എനിക്ക് ബന്ധമില്ലാത്ത കാര്യത്തിലാണ് കുടുക്കിയത്. ഒരു തെളിവും കണ്ടെത്താനായില്ല. എന്നിട്ടും എന്റെ പ്രതിച്ഛായ തകർക്കാൻ ഡൽഹിയിൽ റെയ്ഡുകൾ നടത്തി. അടിസ്ഥാന വിഭാഗങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും’’ സോറൻ കൂട്ടിച്ചേർത്തു.
ചെറുപ്പത്തിലേ അമരത്ത്
38 വയസ്സുള്ളപ്പോഴാണ് ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. ജെ.എം.എം തലവൻ ഷിബു സോറൻ തന്റെ രാഷ്ട്രീയ അനന്തരാവകാശിയായി കണ്ടിരുന്നത് മൂത്ത മകൻ ദുർഗയെ ആയിരുന്നു. പക്ഷേ, ദുർഗ 2009ൽ വൃക്കക്ക് അസുഖം ബാധിച്ച് മരിച്ചതോടെ കാര്യങ്ങൾ മാറി. ഹേമന്തിന് അധികാരത്തിലേക്കുള്ള രാശി പതിയെ തെളിഞ്ഞു. 1975ൽ ജനിച്ച ഹേമന്ത് ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് പട്ന ഹൈസ്കൂളിൽ നിന്നാണ്. പിന്നീട് റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ്ങിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ബാഡ്മിന്റൺ കളിക്കുന്ന, സൈക്കിൾ സവാരിയും പുസ്തകങ്ങളും ഇഷ്ടപ്പെടുന്ന ആളാണ് ഹേമന്ത്. ഭാര്യ: കൽപന. രണ്ട് കുട്ടികളുണ്ട്.
2009ൽ രാജ്യസഭാംഗമായി. അടുത്ത വർഷം രാജിവെച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള അർജുൻ മുണ്ട സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി. രണ്ടുവർഷത്തിനുശേഷം ബി.ജെ.പി-ജെ.എം.എം സർക്കാർ പൊളിഞ്ഞു. 2013ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. അന്ന് കോൺഗ്രസും ആർ.ജെ.ഡിയും പിന്തുണച്ചു. സർക്കാറിന് അന്ന് അധികം ആയുസ്സുണ്ടായില്ല. 2014ൽ ബി.ജെ.പി ഭരണം പിടിച്ചു. ഹേമന്ത് പ്രതിപക്ഷ നേതാവായി. 2016ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ആദിവാസി വിരുദ്ധ നയങ്ങൾക്കെതിരെ ഹേമന്ത് വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.
ഇത് അദ്ദേഹത്തെ ജനകീയനാക്കി. 2019ലെ തെരഞ്ഞെടുപ്പിൽ ജെ.എം.എമ്മിന് മാത്രം 30 സീറ്റുകിട്ടി കോൺഗ്രസ്, ആർ.ജെ.ഡി പിന്തുണയോടെ സർക്കാറുണ്ടാക്കി. തുടർന്ന് പാർട്ടിയിലെ എതിരാളികളെ ഒതുക്കിയായിരുന്നു മുന്നേറ്റം. പക്ഷേ, ഭരണത്തിലുടനീളം അഴിമതിയുൾപ്പെടെയുള്ള വിഷയങ്ങൾ ഹേമന്തിനെ വേട്ടയാടി. ഒടുവിലായി ഇ.ഡി അറസ്റ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.