വോട്ടെടുപ്പിന് തലേന്ന് ഝാർഖണ്ഡിൽ ഇ.ഡി റെയ്ഡ്: ബി.ജെ.പിയെ സഹായിക്കാനെന്ന് ജെ.എം.എം
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭയിലേക്ക് ബുധനാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അയൽസംസ്ഥാനമായ പശ്ചിമ ബംഗാളിലും ബംഗ്ലാദേശികളെ തേടി ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. വ്യാജ ആധാർ കാർഡുകളും പാസ്പോർട്ടുകളും പ്രിന്റിങ് മെഷീനുകളും പേപ്പറുകളും റെയ്ഡിൽ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ആരോപിച്ച് പ്രചാരണം നടത്തിയ ബി.ജെ.പിയെ സഹായിക്കാനാണ് വോട്ടെടുപ്പിന് തലേന്ന് റെയ്ഡ് നടത്തിയതെന്ന് ഭരണകക്ഷിയായ ജെ.എം.എം (ഝാർഖണ്ഡ് മുക്തി മോർച്ച) കുറ്റപ്പെടുത്തി. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നാണ് ഇ.ഡി വാദം.
ഇരുസംസ്ഥാനങ്ങളിലുമായി 17 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജൂണിൽ റാഞ്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡിയുടെ അന്വേഷണം. ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിൽ എത്തിച്ച് ആധാർ ഉൾപ്പെടെ രേഖകൾ നിർമിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നിൽ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
സംസ്ഥാന സർക്കാർ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഝാർഖണ്ഡിൽ താമസിക്കുന്നുണ്ടെന്ന് ഝാർഖണ്ഡ് ഹൈകോടതിയിലും കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകി.
എന്നാൽ, ഇ.ഡി റെയ്ഡ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നും ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും ജെ.എം.എം വക്താവ് മനോജ് പാണ്ഡെ പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ സംരക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇ.ഡി നടപടിയെന്ന് കോൺഗ്രസ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.